ദുരന്തങ്ങൾ വേട്ടയാടിയ ഓട്ടോ ഡ്രൈവർക്ക് ഒറ്റ ദിനത്തിൽ രണ്ടുലക്ഷത്തിന്റെ സഹായമെത്തിച്ച് വിദ്യാർഥികൾ
1436088
Sunday, July 14, 2024 7:39 AM IST
കാഞ്ഞങ്ങാട്: ഏക മകന് പുഴയില്‍ മുങ്ങിമരിച്ചതിനു പിന്നാലെ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററിലായ ഓട്ടോ ഡ്രൈവർ അരയി വട്ടത്തോട്ടെ ബി.കെ.അബ്ദുള്ളക്കുഞ്ഞിക്ക് ഒറ്റ ദിവസം കൊണ്ട് രണ്ടുലക്ഷം രൂപയുടെ സഹായം സമാഹരിച്ചുനല്‍കി ഹൊസ്ദുർഗ് ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് ഹയര്‍സെക്കൻഡറി സ്കൂൾ വിദ്യാർഥിനികൾ. വർഷങ്ങളായി സ്കൂളിലേക്ക് കുട്ടികളെ എത്തിച്ചിരുന്ന ഓട്ടോ ഡ്രൈവർമാരിലൊരാളായിരുന്നു അബ്ദുള്ളക്കുഞ്ഞി.
പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്ന മുഹമ്മദ് സിനാന് അരയിപ്പുഴയില്‍ മുങ്ങിമരിച്ചത് ഒരു മാസം മുമ്പാണ്. ഇതിന്റെ കടുത്ത ദുഃഖത്തിനിടെയാണ് അബ്ദുള്ളക്കുഞ്ഞിയുടെ ഓട്ടോ ഒരാഴ്ച മുമ്പ് കാലിക്കടവില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. ഓട്ടോറിക്ഷ ദേശീയപാതയുടെ നിര്‍മാണ പ്രവൃത്തിക്കായി എത്തിയ റോഡ് റോളറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അബ്ദുള്ളക്കുഞ്ഞിയെ കണ്ണൂരിലെ മിംസ് ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ബോധം തിരിച്ചുകിട്ടിയില്ല. ഇപ്പോള്‍ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തുന്നത്.
ഭാരിച്ച ചികിത്സാ ചെലവിനും നിര്‍ധന കുടുംബത്തിന്റെ സംരക്ഷണത്തിനും പണം കണ്ടെത്തുന്നതിനായി നാട്ടുകാര്‍ സഹായസമിതി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങുന്നതിനിടെയാണ് സ്കൂളിലെ വിദ്യാർഥികൾ തന്നെ ആദ്യ സഹായവുമായി എത്തിയത്. അധ്യാപികമാരുടെയും അബ്ദുള്ളക്കുഞ്ഞിയുടെ സഹപ്രവര്‍ത്തകരായ മറ്റ് ഓട്ടോ ഡ്രൈവര്‍മാരുടെയും സഹായത്തോടെയാണ് വിദ്യാര്‍ഥിനികള്‍ ഒറ്റ ദിവസം കൊണ്ട് രണ്ടുലക്ഷത്തോളം രൂപ സ്വരൂപിച്ചത്.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അനിത ജോസഫ് ചികിത്സാ സഹായ സമിതി രക്ഷാധികാരിയായ പിടിഎ പ്രസിഡന്റ് ബഷീര്‍ ആറങ്ങാടിക്ക് ഈ തുകയുടെ ചെക്ക് കൈമാറി. സ്കൂള്‍ ലീഡര്‍മാരായ ശിവാനി, പാര്‍വതി രാജേഷ് എന്നിവരും അധ്യാപികമാരും ഓട്ടോ ഡ്രൈവര്‍മാരും സംബന്ധിച്ചു.