ജില്ലയിൽ പടിക്കുപുറത്ത് 5770 വിദ്യാർഥികൾ
1431426
Tuesday, June 25, 2024 1:05 AM IST
കാസർഗോഡ്: പ്ലസ് വൺ ക്ലാസുകൾ ഇന്നലെ ആരംഭിച്ചപ്പോഴും ജില്ലയിൽ പ്രവേശനം കിട്ടാതെ പടിക്കു പുറത്ത് നില്ക്കുന്നത് 5770 വിദ്യാർഥികൾ. ആകെ 20147 കുട്ടികളാണ് ജില്ലയിൽ പ്ലസ് വൺ പ്രവേശനം കിട്ടുന്നതിനായി അപേക്ഷിച്ചത്. മൂന്നാംഘട്ട അലോട്ട്മെന്റ് പൂർത്തിയായപ്പോൾ ഇതിൽ 14377 പേർക്ക് മാത്രമേ മെറിറ്റ് സീറ്റുകളിൽ പ്രവേശനം ലഭിച്ചിട്ടുള്ളൂ.
ഇനി 494 മെറിറ്റ് സീറ്റുകൾ മാത്രമാണ് ജില്ലയിൽ ബാക്കിയുള്ളത്. ഇവ മുൻഗണനാക്രമമനുസരിച്ച് അധികമാരും തെരഞ്ഞെടുക്കാതിരുന്ന വിഷയങ്ങളും സ്കൂളുകളുമാകാനാണ് സാധ്യത. ദൂരെയുള്ള സ്ഥലങ്ങളിലാണെങ്കിൽ കുട്ടികൾ ഇവ തെരഞ്ഞെടുക്കാനും സാധ്യത കുറവാണ്. വിവിധ അൺ എയ്ഡഡ് സ്കൂളുകളിലായി 1988 സീറ്റുകളും എയ്ഡഡ് സ്കൂളുകളിൽ 917 മാനേജ്മെന്റ് സീറ്റുകളും ഒഴിവുണ്ട്.
മിക്കവാറും ഈ സീറ്റുകളായിരിക്കും ഇനി പ്രവേശനം ലഭിക്കാത്ത വിദ്യാർഥികളുടെ ആശാകേന്ദ്രം. സ്പോർട്സ്-133, എംആർഎസ്-ഒമ്പത്, വിവിധ സംവരണ വിഭാഗങ്ങൾ-250 എന്നിങ്ങനെയും സീറ്റുകൾ ഒഴിവുണ്ട്. ഈ സീറ്റുകളിലേക്കുള്ള പ്രവേശനം സപ്ലിമെന്ററി പട്ടികയിൽ നിന്നാണ് നടത്തുക.
അവശേഷിക്കുന്ന കുട്ടികൾ വിഎച്ച്എസ്ഇ, പോളിടെക്നിക്, ഐടിഐ തുടങ്ങിയ വിഭാഗങ്ങളിൽ പ്രവേശനം നേടുമെന്നാണ് അധികൃതരുടെ വിശദീകരണം.
എന്നാൽ, ഈ വിഭാഗങ്ങളിൽ ചേരാനാഗ്രഹിക്കുന്ന കുട്ടികൾ നേരത്തേ തന്നെ ഇവയിലേക്ക് അപേക്ഷ നല്കിക്കാണുമെന്നും പ്ലസ് വൺ സീറ്റ് കിട്ടാത്തതുകൊണ്ടു മാത്രം പോളിടെക്നിക്കിൽ ചേരാനാഗ്രഹിക്കുന്നവർ വിരളമായിരിക്കുമെന്നും രക്ഷിതാക്കൾ പറയുന്നു. മംഗളൂരുവിൽ പിയുസിക്കും മറ്റും ചേരുന്നവരും ഇവിടെ പ്ലസ് വണ്ണിന് അപേക്ഷ നല്കിയിരിക്കാൻ സാധ്യത കുറവാണ്.
ആഗ്രഹിക്കുന്ന മുഴുവൻ
വിദ്യാർഥികൾക്കും പ്രവേശനം
ഉറപ്പാക്കണമെന്ന് എസ്എഫ്ഐ
നീലേശ്വരം: ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുന്നതിനുള്ള സാഹചര്യം ജില്ലയിൽ ഒരുക്കണമെന്ന് നീലേശ്വരത്ത് നടന്ന എസ്എഫ്ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയിൽ പ്ലസ് വൺ പ്രവേശനം ലഭിക്കാത്തതിനാൽ മംഗളൂരുവിലേക്കും മറ്റും പോകാൻ വിദ്യാർഥികൾ നിർബന്ധിക്കപ്പെടുകയാണ്. ജില്ലയുടെ വിദ്യാഭ്യാസ മേഖലയിലെ അസന്തുലിതാവസ്ഥ പരിഹരിക്കാൻ അധിക ബാച്ചുകളും സീറ്റുകളും അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. രണ്ടുദിവസമായി നടന്ന സമ്മേളനം ഋഷിത സി. പവിത്രനെ പ്രസിഡന്റായും കെ. പ്രണവിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.