വായനാ ചാലഞ്ചിൽ സെഞ്ച്വറി പിന്നിട്ട് ദിയ
1430542
Friday, June 21, 2024 1:48 AM IST
ചിറ്റാരിക്കാൽ: രണ്ടു മാസത്തിനകം 50 പുസ്തകങ്ങൾ വായിച്ച് ആസ്വാദനക്കുറിപ്പുകൾ എഴുതുകയെന്നതായിരുന്നു ലൈബ്രറി കൗൺസിൽ ഈസ്റ്റ് എളേരി പഞ്ചായത്ത് സമിതി കഴിഞ്ഞ അവധിക്കാലത്ത് കുട്ടികൾക്കായി ഒരുക്കിയ വായനാ ചാലഞ്ച്.
പക്ഷേ കമ്പല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസുകാരി ടി.എം.ദിയ ആദ്യത്തെ 15 ദിവസത്തിനുള്ളിൽ തന്നെ 50 പുസ്തകങ്ങൾ വായിച്ചുതീർന്നു. ചാലഞ്ച് പൂർത്തിയാക്കിയിട്ടും വായന നിർത്തിയില്ല. അവധിക്കാലത്തെ 60 ദിവസത്തിനുള്ളിൽ നൂറിലേറെ പുസ്തകങ്ങൾ വായിച്ചുതീർത്ത് ആസ്വാദനക്കുറിപ്പുകളെഴുതി. സ്കൂൾ തുറന്ന് പഠനത്തിരക്കുകൾക്കിടയിലും ദിയ സിലബസിന് പുറത്തുള്ള പുസ്തകങ്ങൾ വായിക്കാൻ സമയം കണ്ടെത്തുന്നു.
ചാലഞ്ച് ജയിക്കാൻ വേണ്ടി മാത്രം വായന തുടങ്ങിയതല്ല. പ്രൈമറി സ്കൂൾ പഠനകാലം മുതൽ തന്നെ കൊല്ലാട ഇഎംഎസ് ലൈബ്രറിയിലെ പതിവുസാന്നിധ്യമാണ് ഈ പെൺകുട്ടി. കഥകളും കവിതകളുമെല്ലാം ഏറെയിഷ്ടമാണ്.
ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരൻ എം.മുകുന്ദനാണെന്നും ദിയ പറയുന്നു. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ എസ് സിപിഒ ടി.ആർ.മധുവിന്റെയും ചിറ്റാരിക്കാൽ കുടുംബാരോഗ്യകേന്ദ്രത്തിലെ സ്റ്റാഫ് നഴ്സ് പ്രിയയുടെയും മകളാണ്. അനുജത്തി നാലാം ക്ലാസുകാരി മിയയും ഇപ്പോൾ ചേച്ചിയുടെ വഴിയേ പുസ്തകങ്ങളെടുത്ത് വായിക്കുന്നുണ്ട്.