കേന്ദ്ര മെഡിക്കൽ കോളജിനായുള്ള ആവശ്യം വീണ്ടും ചൂടുപിടിക്കുന്നു
1429379
Saturday, June 15, 2024 1:32 AM IST
കാസർഗോഡ്: എയിംസിനായുള്ള മുറവിളി ശക്തമായി നില്‍ക്കുന്നതിനിടെ അത് കിട്ടാത്തപക്ഷം ജില്ലയിൽ കേന്ദ്ര മെഡിക്കൽ കോളജ് അനുവദിക്കണമെന്ന ആവശ്യവും ചൂടുപിടിക്കുന്നു. കേന്ദ്ര സർക്കാരിനു കീഴിൽ തുടങ്ങുന്ന മെഡിക്കൽ കോളജുകളിൽ ഏറെക്കുറെ എയിംസിനു തുല്യമായ പഠന, ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകും.
പെരിയയിലെ കേന്ദ്ര സർവകലാശാലയ്ക്ക് അനുബന്ധമായി ഇത്തരമൊരു മെഡിക്കൽ കോളജ് അനുവദിക്കണമെന്നാണ് ആവശ്യം.
ഈ ആവശ്യവുമായി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായിരുന്ന മഹിളാമോർച്ച നേതാവ് എം.എൽ.അശ്വിനി കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കണ്ടിരുന്നു. ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ.കൃഷ്ണദാസിനും സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്തിനുമൊപ്പം കണ്ണൂരിൽ വച്ചാണ് കേന്ദ്രമന്ത്രിയെ കണ്ടത്. ഇതുസംബന്ധിച്ച് നിവേദനവും നല്കി.
സംസ്ഥാനത്തെ മറ്റൊരു ജില്ലയിൽ എയിംസ് അനുവദിക്കുന്നതിനൊപ്പം കാസർഗോഡിന് സമാശ്വാസ സമ്മാനമായി കേന്ദ്ര മെഡിക്കൽ കോളജ് അനുവദിക്കുന്നതിന് ബിജെപി നേതൃത്വത്തിലുണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് അശ്വിനി സുരേഷ് ഗോപിയെ കണ്ട് നിവേദനം നല്‍കിയതെന്നാണ് സൂചന. ജില്ലയിൽ കേന്ദ്ര സർവകലാശാല തുടങ്ങിയ കാലത്ത് ഇതിനൊപ്പം മെഡിക്കൽ കോളജും ഉണ്ടാകുമെന്ന പ്രതീക്ഷ നിലവിലുണ്ടായിരുന്നു. എന്നാൽ ജില്ലയിൽ അനുയോജ്യമായ സ്ഥലം ലഭ്യമല്ലെന്നുപറഞ്ഞ് തുടക്കത്തിൽ മെഡിക്കൽ കോളജിനെ മാറ്റിവയ്ക്കുകയായിരുന്നു.
ഇടക്കാലത്ത് ഈ മെഡിക്കൽ കോളജിനെ പത്തനംതിട്ടയിലേക്ക് കൊണ്ടുപോകാനുള്ള നീക്കം നടന്നപ്പോൾ ജില്ലയിൽ വ്യാപകമായ പ്രതിഷേധമുയരുകയും ചെയ്തു. പിന്നീട് സർവകലാശാലയ്ക്കായി പെരിയയിൽ സ്ഥലം അനുവദിച്ചപ്പോൾ ഇതിൽ അമ്പതേക്കർ സ്ഥലം മെഡിക്കൽ കോളജിനായി മാറ്റിവച്ചു. എന്നാൽ അപ്പോഴേക്കും കേന്ദ്ര സർവകലാശാലകൾക്കു കീഴിൽ മെഡിക്കൽ കോളജുകൾ തുടങ്ങുന്നത് കേന്ദ്ര സർക്കാർ നിർത്തിവച്ചിരുന്നു. ഈ ഭാഗം ഇപ്പോഴും കാടുപിടിച്ചുകിടക്കുകയാണ്.
സംസ്ഥാനങ്ങളിൽ എയിംസ് തന്നെ അനുവദിച്ചുതുടങ്ങിയതോടെയാണ് കേന്ദ്ര മെഡിക്കൽ കോളജുകൾ തുടങ്ങുന്നത് നിർത്തിയത്. കേരളത്തിൽ തന്നെ ഒരേസമയം എയിംസും കേന്ദ്ര മെഡിക്കൽ കോളജും അനുവദിക്കുന്നത് മറ്റു സംസ്ഥാനങ്ങളിൽ നിന്നും എതിർപ്പിനിടയാക്കുമോ എന്ന സംശയവും ഉയരുന്നുണ്ട്.
ജില്ലയിൽ എയിംസ് തന്നെ അനുവദിക്കണമെന്ന ആവശ്യത്തിനാണ് മുൻഗണനയെന്നും അത് ഇല്ലെങ്കിൽ മാത്രം കേന്ദ്ര സർവകലാശാലയ്ക്ക് കീഴിൽ മെഡിക്കൽ കോളജ് അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ബിജെപി നേതാക്കൾ പറയുന്നു. സംസ്ഥാനത്ത് എയിംസ് അനുവദിക്കുന്നതിനായി സമർപ്പിച്ച പ്രൊപ്പോസലിൽ കാസർഗോഡ് ജില്ലയെ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന് ഏകപക്ഷീയമായി ഇവിടെ എയിംസ് അനുവദിക്കാൻ കഴിയില്ലല്ലോ എന്നും അവർ ചൂണ്ടിക്കാട്ടുന്നു.