ഉദ്യോഗസ്ഥക്ഷാമം: തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ മെല്ലേപ്പോക്ക്
1423174
Saturday, May 18, 2024 12:45 AM IST
കാസർഗോഡ്: പുതിയ സാമ്പത്തികവർഷം തുടങ്ങിയിട്ടും ജില്ലയിൽ തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥക്ഷാമത്തിനും പ്രവർത്തനങ്ങളിലെ മെല്ലെപ്പോക്കിനും അറുതിയില്ല. എട്ട് പഞ്ചായത്തുകളിൽ നിലവിൽ സെക്രട്ടറിയുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. അക്കൗണ്ടിംഗ് വിഭാഗത്തിലുൾപ്പെടെ ക്ലറിക്കൽ ജീവനക്കാരുടെ ക്ഷാമം എല്ലായിടങ്ങളിലുമുണ്ട്.
ഉദ്യോഗസ്ഥക്ഷാമം മൂലം ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും കഴിഞ്ഞ സാമ്പത്തിക വർഷത്തെ പദ്ധതി പ്രവർത്തനങ്ങളിൽ പകുതിയോളവും നടപ്പാക്കാനാകാതെ തുക സർക്കാരിലേക്ക് തിരിച്ചടക്കേണ്ടി വന്നതാണ്. ഇക്കൊല്ലവും തുടക്കത്തിൽ തന്നെ പദ്ധതികൾ പാളുന്ന അവസ്ഥയായി. ജനപ്രതിനിധികൾ മുന്നിട്ടിറങ്ങിയാലും നിർവഹണ ഉദ്യോഗസ്ഥരില്ലാത്തതുമൂലം പ്രവൃത്തികൾ സ്തംഭിക്കുന്നു. മഴക്കാലം തുടങ്ങുന്നതിനു മുമ്പേ നടപ്പാക്കേണ്ട ശുചീകരണ പ്രവർത്തനങ്ങൾ പലയിടങ്ങളിലും നാമമാത്രമായാണ് നടക്കുന്നത്. പദ്ധതിപ്രവർത്തനങ്ങൾക്കു പുറമേ കെട്ടിടനിർമാണ പെർമിറ്റുകളടക്കമുള്ള അപേക്ഷകളിൽ തീർപ്പുകല്പിക്കുന്നതും വൈകുകയാണ്.
കോടോം-ബേളൂർ, തൃക്കരിപ്പൂർ, പടന്ന, ചെമ്മനാട്, മധൂർ, പുത്തിഗെ, പൈവളിഗെ, മീഞ്ച പഞ്ചായത്തുകളിലാണ് നിലവിൽ സെക്രട്ടറിയില്ലാത്തത്. പകരം ചുമതല വഹിക്കുന്നത് മിക്കവാറും അസി.സെക്രട്ടറിമാരാണ്. ഇതോടെ പൊതുവേ അസി.സെക്രട്ടറിമാരുടെ ചുമതലയിലുള്ള തൊഴിലുറപ്പ് പദ്ധതിയും ഹരിതകർമസേനയുമടക്കമുള്ള കാര്യങ്ങളുടെ താളംതെറ്റുന്നു. ഇതിനൊപ്പം തെരഞ്ഞെടുപ്പും മഴക്കാലപൂർവ ശുചീകരണവുമൊക്കെയായി ഉദ്യോഗസ്ഥർക്ക് ബന്ധപ്പെട്ട ജില്ലാതല യോഗങ്ങളിൽ പങ്കെടുക്കാനും പോകേണ്ടിവരുമ്പോൾ പഞ്ചായത്തുകളിലെ ദൈനംദിന പ്രവർത്തനങ്ങൾ നോക്കാൻ ആളില്ലാത്ത അവസ്ഥയാണ്.
ബാക്കിയുള്ള ജീവനക്കാർക്ക് അമിത ജോലിഭാരവും ഉണ്ടാകുന്നു. ഇനി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാറിക്കഴിഞ്ഞു മാത്രമേ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ഉണ്ടാകാനിടയുള്ളൂ. അപ്പോഴും ജില്ലയിലെ പഞ്ചായത്തുകൾക്ക് ഉള്ളതുകൊണ്ട് തൃപ്തിപ്പെടാനായിരിക്കും മിക്കവാറും വിധി. അടുത്തവർഷം നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ കൂടി തുടങ്ങാനുള്ളതിനാൽ ജോലിഭാരം ഇനിയും കൂടുകയും ചെയ്യും.