വാഹനപ്പെരുപ്പം; കാഞ്ഞങ്ങാട്ട് ഗതാഗതക്കുരുക്ക്
1416449
Sunday, April 14, 2024 7:00 AM IST
കാഞ്ഞങ്ങാട്: സാമാന്യം വീതിയുള്ള റോഡുകളുണ്ടായിട്ടും വിഷുത്തിരക്കിൽ ഗതാഗതക്കുരുക്കിലമർന്ന് കാഞ്ഞങ്ങാട് നഗരം. സ്വകാര്യവാഹനങ്ങളുടെ ക്രമാതീതമായ എണ്ണപ്പെരുപ്പവും സർവീസ് റോഡുകളിലെ അശാസ്ത്രീയ പാർക്കിംഗുമാണ് ഗതാഗതക്കുരുക്കിന് വഴിയൊരുക്കുന്നത്.
ഇന്നലെ നഗരത്തിൽ സൂചികുത്താനിടമില്ലാത്ത വിധം ആൾത്തിരക്കുണ്ടായിരുന്നിട്ടും സ്വകാര്യ ബസുകളുടെയും കെഎസ്ആർടിസിയുടെയും കളക്ഷനിൽ കാര്യമായ വർധനവുണ്ടായിരുന്നില്ല. ഭൂരിഭാഗം പേരും സ്വന്തം വാഹനങ്ങളിൽ നഗരത്തിലെത്തുന്നതെന്നതാണ് ഇതിനു കാരണം.
കുടുംബസമേതം ഷോപ്പിംഗിനെത്തുന്നവർക്ക് കാർ അനിവാര്യമായിക്കഴിഞ്ഞു. ചൂടിൽ വിയർത്തുകുളിച്ച് തിങ്ങിനിറഞ്ഞ ബസിൽ വരാൻ ആർക്കും താത്പര്യമില്ല.
സർവീസ് റോഡുകളോടുചേർന്ന് വഴിയോര കച്ചവടം കൂടിയായതോടെ ഇന്നലെ നഗരത്തിൽ നിന്നുതിരിയാനാകാത്ത തിരക്കായിരുന്നു. വാഹനങ്ങളുടെ നിര കോട്ടച്ചേരി ട്രാഫിക് ജംഗ്ഷൻ മുതൽ സ്മൃതിമണ്ഡപം വരെ നീണ്ടു. ഇതിനിടയിൽ ഗതാഗതം നിയന്ത്രിക്കാനും റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാരെ കടത്തിവിടാനും ട്രാഫിക് പോലീസും ഹോംഗാർഡുകളും ഏറെ പ്രയാസപ്പെട്ടു.