ഭൂജല വകുപ്പിന്റെ കുഴൽകിണർ റിഗ് ജില്ലയിൽനിന്നും മാറ്റുന്നു
1416083
Saturday, April 13, 2024 1:15 AM IST
കാസർഗോഡ്: ജില്ലയിൽ ഭൂജല വകുപ്പിനു കീഴിലുള്ള കുഴൽകിണർ റിഗ് കൊല്ലം ജില്ലയിലേക്ക് കൊണ്ടുപോകുന്നു. റിഗുമായി ബന്ധപ്പെട്ട ലോറി കാലാവധി കഴിഞ്ഞ് ഉപയോഗശൂന്യമായതോടെ റിഗ് പ്രവർത്തിപ്പിക്കാൻ കഴിയാത്തതാണ് ഇതിന് കാരണമായി പറയുന്നത്. ബന്ധപ്പെട്ട ജീവനക്കാരെയും ജോലി ക്രമീകരണത്തിന്റെ പേരിൽ മറ്റു ജില്ലകളിലേക്ക് മാറ്റിയിട്ടുണ്ട്.
2025 സെപ്റ്റംബർ വരെ പ്രവർത്തിപ്പിക്കാൻ കാലാവധിയുള്ളതാണ് നിലവിലുള്ള റിഗ്. ലോറിയുടെ കാലാവധി മാത്രമാണ് കഴിഞ്ഞത്. 30 വർഷത്തിലധികം പഴക്കമുള്ള ലോറി കേന്ദ്ര മോട്ടോർവാഹന നിയമപ്രകാരം ഇനി ഉപയോഗിക്കാനാകാത്തതുകൊണ്ടാണ് കട്ടപ്പുറത്തായത്. പുതിയൊരു ലോറി ജില്ലയ്ക്ക് അനുവദിച്ചിരുന്നെങ്കിൽ തുടർന്നും റിഗ് പ്രവർത്തിപ്പിക്കാൻ കഴിയുമായിരുന്നു.
ജില്ലയിൽ സർക്കാർ ആവശ്യത്തിനായി കുഴൽകിണറുകൾ കുഴിച്ചിരുന്നത് ഈ റിഗ് ഉപയോഗിച്ചാണ്. അനുമതി സംബന്ധിച്ച നൂലാമാലകളൊന്നുമില്ലാത്ത സാഹചര്യങ്ങളിൽ ചുരുക്കം സ്വകാര്യ വ്യക്തികളും കുഴൽകിണർ കുഴിക്കാൻ ഭൂജല വകുപ്പിന്റെ സഹായം തേടിയെത്തിയിരുന്നു.
ഭൂജലവകുപ്പിന് സ്വന്തമായി റിഗ് ഇല്ലാതാകുന്നതോടെ ഇനി സർക്കാർ ഓഫീസുകളിലും ആശുപത്രികളിലും വിദ്യാലയങ്ങളിലുമുൾപ്പെടെ കുഴൽകിണർ കുഴിക്കാൻ സ്വകാര്യ ഏജൻസികളെ ആശ്രയിക്കേണ്ടിവരും. ലോറിയില്ലാതായപ്പോൾതന്നെ ഈ സ്ഥിതി തുടങ്ങിയിരുന്നു.
അതേസമയം കണ്ണൂർ, തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ അടുത്തിടെ തന്നെ ഭൂജല വകുപ്പിനായി പുതിയ റിഗ് വാങ്ങിയിട്ടുണ്ട്. കാസർഗോഡിന് മാത്രമാണ് ലോറി വാങ്ങാനുള്ള മടികൊണ്ട് ഉള്ള റിഗ് കൂടി ഇല്ലാതാക്കിയത്.
ജില്ലയിലെ ഭൂജലവകുപ്പിൽ ഡ്രില്ലർമാരായി ജോലിചെയ്തിരുന്ന രണ്ടുപേരെ ജോലി ക്രമീകരണത്തിന്റെ പേരിൽ നേരത്തേ ആലപ്പുഴയിലേക്ക് മാറ്റിയിട്ടുണ്ട്. ആറ് തൊഴിലാളികളെ കണ്ണൂരിലേക്ക് മാറ്റാനും ധാരണയായിട്ടുണ്ട്.
ജില്ലാ ഓഫീസറുടെ തസ്തികയിൽ തന്നെ സ്ഥിരം ആളില്ലാതായിട്ട് മൂന്നുവർഷത്തിലധികമായി. അസി.എക്സിക്യൂട്ടീവ് എൻജിനീയർക്കാണ് പകരം ചുമതല.ജൂണിയർ ഹൈഡ്രോ ജിയോളജിസ്റ്റ് തസ്തികയിൽ എംപ്ലോയ്മെന്റ് മുഖേന നിയമനം നടന്നിരുന്നെങ്കിലും ഇപ്പോൾ അവരുടെയും കാലാവധി അവസാനിച്ചു. ഫലത്തിൽ ഭൂജലവകുപ്പിന്റെ ജില്ലാ ഓഫീസ് തന്നെ അനാഥാവസ്ഥയിലാണ്.