കൃഷിനാശം രജിസ്റ്റർ ചെയ്യാൻ ഓൺലൈൻ സംവിധാനം; നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ മെല്ലെപ്പോക്ക്
1394286
Tuesday, February 20, 2024 7:57 AM IST
കാസർഗോഡ്: വരൾച്ച മുതൽ കാലവർഷം വരെയുള്ള കാരണങ്ങൾ കൊണ്ട് കൃഷിനാശം സംഭവിച്ചാൽ നഷ്ടപരിഹാരം കിട്ടാൻ കൃഷി ഓഫീസുകൾ കയറിയിറങ്ങി നടക്കേണ്ട ബുദ്ധിമുട്ട് ഇനി കർഷകർക്കുണ്ടാവില്ലെന്നു പറഞ്ഞാണ് സർക്കാർ ഓൺലൈൻ സംവിധാനം കൊണ്ടുവന്നത്.
സർക്കാരിന്റെ അഗ്രിക്കൾച്ചറൽ ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റ (എയിംസ്) ത്തിൽ പേരും മറ്റു വിവരങ്ങളും രജിസ്റ്റർ ചെയ്ത കർഷകർ കൃഷിനാശവുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്തിയാൽ മാത്രം മതി. ഉടൻതന്നെ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി കൃഷിയിടം പരിശോധിച്ച് നഷ്ടപരിഹാരം നിർണയിക്കും.
കേൾക്കുമ്പോൾ ആശ്വാസമുള്ള കാര്യമാണ്. പക്ഷേ ജില്ലയിൽ കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ കൃഷിനാശവുമായി ബന്ധപ്പെട്ട് 2908 അപേക്ഷകളാണ് എയിംസ് പോർട്ടലിൽ ലഭിച്ചത്. ഇതിൽ 2371 അപേക്ഷകൾ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് നഷ്ടപരിഹാരം നല്കാൻ ശുപാർശ ചെയ്യുകയും ചെയ്തു. പക്ഷേ നഷ്ടപരിഹാരം മാത്രം ആർക്കും ഇതുവരെ കിട്ടിയില്ല. അക്കൗണ്ടിൽ വന്നിട്ടുണ്ടോയെന്നു നോക്കി പലവട്ടം ബാങ്ക് കയറിയിറങ്ങിയതു മാത്രം മിച്ചം.
എയിംസ് പോർട്ടലിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം ജില്ലയിൽ മാത്രം 2022 മാർച്ച് മുതൽ ഈ വർഷം വരെ 2371 കർഷകരുടെ അപേക്ഷകളിലായി 1.15 കോടിയോളം രൂപയാണ് നഷ്ടപരിഹാരമായി ശുപാർശ ചെയ്തത്. ഇതിൽ 1.06 കോടി രൂപയും സംസ്ഥാന സർക്കാരിൽ നിന്നം ലഭിക്കേണ്ട വിഹിതമാണ്. 9.43 ലക്ഷം രൂപ കേന്ദ്രസർക്കാരിൽ നിന്നും. ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല.
റബർ, കമുക്, തെങ്ങ്, കുരുമുളക്, വാഴ, നെല്ല്, കശുമാവ്, പ്ലാവ്, കപ്പ, പച്ചക്കറി കൃഷി എന്നിവയുമായെല്ലാം ബന്ധപ്പെട്ട് നഷ്ടപരിഹാരം അനുവദിക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. വരൾച്ച, വേനൽമഴ, കാലവർഷം, കാലാവസ്ഥാമാറ്റം, രോഗബാധ തുടങ്ങിയ കാരണങ്ങളാലാണ് കൃഷിനാശം സംഭവിച്ചത്. കൃഷിവകുപ്പ് തന്നെ എല്ലാം സമ്മതിക്കുമ്പോഴും നഷ്ടപരിഹാരത്തുക മാത്രം കിട്ടുന്നില്ലെന്നതാണ് കർഷകർക്കു മുന്നിലുള്ള യാഥാർഥ്യം.