തോക്കിനെ വെല്ലുന്ന വാക്കുകള്‍
1376454
Thursday, December 7, 2023 2:09 AM IST
“എന്നെ നേരെ നിര്‍ത്തുന്നത്
എന്റെ കവിതയാണ്.
നിങ്ങള്‍ തോക്കുമായി കൂട്ടംകൂടിയാല്‍
ഞാനതിനു കാവലിരിക്കും.
അതിന്റെ തലക്കെട്ടു കഴുത്തിലിട്ട്
ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍
ചിരിച്ചുകൊണ്ടൂഞ്ഞാലാടും.
കാരണം, എന്റെ കവിത
എന്നെ ഉയിര്‍പ്പിക്കും.''
തൂലിക ഏതൊരു പടവാളിനെക്കാളും ശക്തമാണെന്നും ഏതൊരു മഹായുദ്ധത്തെയും അക്ഷരങ്ങള്‍ അതിജീവിക്കുമെന്നും വിളിച്ചുപറയുന്നതായിരുന്നു സിനാഷയുടെ ""ഉയിര്‍പ്പിന്റെ മഷിയും തീയും'' എന്ന കവിത. ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലാണ് ഇത് ഒന്നാംസ്ഥാനം നേടിയത്. ""മീനുകള്‍ക്ക് വെള്ളമെന്ന പോലെ'' എന്നതായിരുന്നു കവിതയുടെ വിഷയം. 15 വയസിനുള്ളില്‍ മലയാളത്തിലും ഇംഗ്ലീഷിലുമായി ഏഴു നോവലുകള്‍ രചിച്ച പ്രതിഭാശാലിയാണ് സിനാഷ. ബല്ല ഈസ്റ്റ് ജിഎച്ച്എസിലെ പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനിയാണ്. അധ്യാപകന് എ.ശ്രീകുമാറിന്റെയും സ്മിതയുടെയും ഏകമകളാണ്.