ജില്ലയിലെ കോട്ടകള്‍ വാടകയ്ക്ക് നൽകാന് പദ്ധതി
1339408
Saturday, September 30, 2023 1:59 AM IST
കാസര്‍ഗോഡ്: പുതുതലമുറ വിനോദസഞ്ചാര പദ്ധതികളുടെ ഭാഗമായി ജില്ലയിലെ കോട്ടകള്‍ സ്വകാര്യ പരിപാടികള്‍ക്ക് വാടകയ്ക്ക് നല്കാന് പദ്ധതി തയ്യാറാകുന്നു.
കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലുള്ളതും വിവിധ പദ്ധതികളുടെ കേന്ദ്രവുമായ ബേക്കല്‍ ഒഴികെയുള്ള കോട്ടകള്‍ വിവാഹമാമാങ്കങ്ങള്ക്കുള്പ്പെടെ ദിവസവാടകയ്ക്ക് വിട്ടുകൊടുക്കാനാണ് പദ്ധതി. ഇതുമായി ബന്ധപ്പെട്ട് ഡിടിപിസി അധികൃതര്‍ സംസ്ഥാന ടൂറിസം വകുപ്പും പുരാവസ്തു വകുപ്പുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്.
കാസര്‍ഗോഡ് നഗരത്തോടടുത്തുള്ള ചന്ദ്രഗിരിക്കോട്ടയാണ് പദ്ധതിക്കായി ഏറ്റവുമാദ്യം പരിഗണിക്കുന്നത്. അടുത്തിടെ നവീകരണപ്രവൃത്തികള്‍ നടത്തിയിട്ടുള്ള കോട്ടയ്ക്ക് സമീപത്തുനിന്നും ചന്ദ്രഗിരിപ്പുഴയും കടലും സംഗമിക്കുന്നതടക്കമുള്ള മനോഹര കാഴ്ചകള്‍ കാണാനാകും. കുമ്പളയ്ക്ക് സമീപമുള്ള ആരിക്കാടി, മുളിയാറിലെ പൊവ്വല്‍, കാഞ്ഞങ്ങാട് നഗരത്തിലെ ഹൊസ്ദുര്‍ഗ് തുടങ്ങിയ കോട്ടകളും പദ്ധതിയുടെ ഭാഗമാക്കാനാകുമെന്നാണ് പ്രതീക്ഷ.
കോട്ടകളുടെ നാടായ രാജസ്ഥാനില്‍ ചെറുകിട കോട്ടകളും കൊട്ടാരങ്ങളും മറ്റും വിവാഹച്ചടങ്ങുകള്‍ക്കും സിനിമാ ചിത്രീകരണത്തിനുമെല്ലാം വാടകയ്ക്ക് നൽകുന്ന പതിവ് നേരത്തേയുണ്ട്.
സമീപപ്രദേശങ്ങളിലെ വിനോദസഞ്ചാര വികസനത്തിനും സര്‍ക്കാരിന് കോടികളുടെ വരുമാനത്തിനും ഇത് വഴിയൊരുക്കുന്നുണ്ട്. ഇതേ മാതൃക ഇവിടെയും നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ.
ബേക്കല്‍ കേന്ദ്രീകരിച്ച് ഒരു വെഡ്ഡിംഗ് ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ അടുത്തകാലത്ത് കാസര്‍ഗോഡിന് കൈവന്ന പ്രാധാന്യവും ഇതിന് തുണയാകുമെന്ന് ഡിടിപിസി കണക്കുകൂട്ടുന്നു.
മറ്റിടങ്ങളില്‍ നിന്നു വ്യത്യസ്തമായി കോട്ടകള്‍ക്കൊപ്പം കടല്‍ത്തീരവും ഒരുമിച്ചുകിട്ടുന്ന സൗകര്യവും കാസര്‍ഗോഡിന്റെ ആകര്‍ഷണമാകും.