വിവരാവകാശ നിയമത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ അവബോധം വേണമെന്ന് കമ്മീഷന്
1336211
Sunday, September 17, 2023 6:31 AM IST
കാസര്‍ഗോഡ്: വിവരാവകാശ നിയമത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ അവബോധം വേണ്ടതുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരായ എ. എ. ഹക്കിമും കെ. എം. ദിലീപും പറഞ്ഞു. നിയമവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിന്നുള്ള രണ്ടാം അപ്പീല്‍ ഹര്‍ജികള്‍ തീര്‍പ്പാക്കാന്‍ കലക്ടറേറ്റില്‍ നടത്തിയ തെളിവെടുപ്പില്‍ സംസാരിക്കുകയായിരുന്നു അവര്‍.
പൊതുജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ നീതി ലഭ്യമാക്കുന്നുവെന്നതും സര്‍ക്കാര്‍ ഫയലുകളിലെ വിവരങ്ങള്‍ ഉറവിടത്തില്‍ നിന്ന് യഥാര്‍ത്ഥ രൂപത്തില്‍ ലഭ്യമാകുന്നുവെന്നതുമാണ് വിവരാവകാശനിയമത്തിന്റെ പ്രത്യേകതകള്‍. ഈ നിയമത്തിന് കീഴില്‍ പൗരന്മാര്ക്ക് സര്‍ക്കാര്‍ രേഖകള്‍ കാണുന്നതിനും കുറിപ്പുകള്‍ എഴുതിയെടുക്കാനും കോപ്പികള്‍ ആവശ്യപ്പെടാനും സാധിക്കും. അതേസമയം പൗരന്മാര്ക്ക് നല്കുന്ന അവകാശങ്ങള്‍ ദുരുപയോഗപ്പെടുത്തരുതെന്നും പൊതുജനങ്ങളും ഉദ്യോഗസ്ഥരും തമ്മില്‍ സൗഹാര്‍ദപരമായ അന്തരീക്ഷമാണ് വിവരാവകാശ നിയമത്തിലൂടെ ഉണ്ടാകേണ്ടതെന്നും കമ്മീഷണര്‍മാര്‍ പറഞ്ഞു.
അപേക്ഷ ലഭിച്ചാല്‍ ഉടന്‍ വിവരങ്ങള്‍ നല്‍കണമെന്നാണ് നിയമം. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥന് മുപ്പത് ദിവസംവരെ സമയം നല്‍കും. ശേഷം ഓരോദിവസവും 250 രൂപ വീതം 25000 രൂപ പിഴ ഈടാക്കും.പൊതുബോധന ഓഫീസര്‍മാരും ഒന്നാം അപ്പീല്‍ അധികാരികളും അച്ചടക്ക നടപടികള്‍ക്ക് വിധേയരാകും.വിവരങ്ങള്‍ നല്കാത്തതിനാല് അപേക്ഷകന് നഷ്ടം സംഭവിച്ചാല്‍ നഷ്ടപരിഹാരതുകയും നല്‍കേണ്ടിവരും. രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകള്‍ക്ക് പകര്‍പ്പ് എടുക്കുന്നതിന് ആവശ്യമായ തുക മാത്രമാണ് പൊതുജനങ്ങള്‍ നല്‍കേണ്ടത്.
ജില്ലയില്‍ നടത്തിയ തെളിവെടുപ്പില്‍ 18 പരാതികള്‍ പരിഗണിച്ചു. ഇതില്‍ 17 എണ്ണവും തീര്‍പ്പാക്കി.വിവരം വെളിപ്പെടുത്തുന്നതില്‍ താല്പര്യമില്ലാത്ത ഓഫീസര്‍മാരുള്ളതുകൊണ്ടാണ് കമ്മീഷനില്‍ അപ്പീലുകള്‍ കൂടുന്നതെന്നും ഇത്തരം ഓഫീസര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കമ്മീഷണര്‍മാര്‍ പറഞ്ഞു.