എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള മരുന്നും വാഹനസൗകര്യവും ഉറപ്പുവരുത്തും: മന്ത്രി
1298549
Tuesday, May 30, 2023 1:25 AM IST
കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യമായി നല്‍കിയിരുന്ന മരുന്നും വാഹന സൗകര്യവും തുടര്‍ന്നും ഉറപ്പുവരുത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.
ഹൊസ്ദുര്‍ഗ് താലൂക്ക് അദാലത്തില്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രസിഡന്റ് മുനീസ അമ്പലത്തറയും സെക്രട്ടറി അമ്പലത്തറ കുഞ്ഞിക്കൃഷ്ണനുമാണ് ദുരിതബാധിതരുടെ സങ്കടാവസ്ഥ പരാതിയായി മന്ത്രി മുഹമ്മദ് റിയാസിന് അരികിൽ എത്തിച്ചത്.
രോഗികള്‍ക്കുളള മരുന്നു വിതരണം മുടങ്ങരുതെന്നും രോഗികള്‍ക്ക് ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് പോകാനുള്ള വാഹനം വിട്ടു നല്‍കണമെന്നും മന്ത്രി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്കി.
വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും മന്ത്രി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസിനോട് നിര്‍ദേശിച്ചു.
കാസര്‍ഗോഡ് നടന്ന അദാലത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ മെഡിക്കല്‍ ക്യാംപ് നടത്താനും സെല്‍ ചെയര്മാന് കൂടിയായ മന്ത്രി റിയാസ് നിര്‍ദേശം നല്‍കിയിരുന്നു.
ദേശീയാരോഗ്യ ദൗത്യം വഴിയാണ് നേരത്തെ മരുന്നും വാഹന സൗകര്യവും ദുരിതബാധിതര്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ കേന്ദ്ര ഫണ്ട് നിലച്ചതോടെ മരുന്നു വിതരണവും വാഹന സൗകര്യവും നിലയ്ക്കുകയായിരുന്നു. ഇതിനിടയില്‍ 2022-23 വാര്‍ഷിക പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് കാസര്‍കോട് വികസന പാക്കേജ് മുഖേന മരുന്നിനും ചികിത്സയ്ക്കും തുക അനുവദിച്ചിരുന്നു.
പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഇതു വീണ്ടും മുടങ്ങി. കടം വാങ്ങിയും മറ്റുള്ളവര്‍ സഹായിച്ചും ദീര്‍ഘനാള്‍ മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു ദുരിതബാധിതർ.