മലയോരത്തിന്റെ മധുരോത്സവമായി ചക്ക-മാമ്പഴ മഹോത്സവം
1297732
Saturday, May 27, 2023 1:35 AM IST
വെള്ളരിക്കുണ്ട്: കൊതിയൂറും മാമ്പഴങ്ങളുടെ വന്ശേഖരമൊരുക്കിയ ചക്ക-മാമ്പഴ ഫെസ്റ്റ് മലയോരത്തിന്റെ മധുരോത്സവമായി മാറി. ബളാല്‍ കൃഷിഭവനും ബളാല്‍ പഞ്ചായത്ത് സിഡിഎസും കൊന്നക്കാട് ചൈത്രവാഹിനി ഫാര്‍മേഴ്സ് ക്ലബും ചേര്‍ന്ന് വെള്ളരിക്കുണ്ട് ദര്‍ശന ഓഡിറ്റോറിയത്തില്‍ നടത്തുന്ന ചക്ക - മാന്പഴ മഹോത്സവം ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി രുന്നു. ബംഗനപ്പള്ളി, കാലാപ്പാടി, ചക്കക്കട്ടി, ഹിമാപ്പസന്ത്, സിന്ദൂരം, പ്രിയൂർ, മുണ്ടപ്പ, ഗുദാദത്ത്, മല്ലിക, മല്‍ഗോവ, അല്‍ഫോന്‍സ, നീലം തുടങ്ങിയ 20 ഇനം മാമ്പഴങ്ങളുടെ പ്രദര്‍ശനവും വില്പനയുമായിരുന്നു മേളയുടെ പ്രധാന ആകര്‍ഷണം.
വ്യാഴാഴ്ച വൈകുന്നേരം നടന്ന ചടങ്ങില്‍ ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. റിട്ട. സിആര്‍പിഎഫ് ഐജി മധുസൂദനന് അധ്യക്ഷതവഹിച്ചു. ഫൊറോന വികാരി റവ.ഡോ.ജോണ്സണ് അന്ത്യാംകുളം മാമ്പഴ സ്റ്റാളും ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഷിനോജ് ചാക്കോ പ്രദര്ശനനഗരിയും പഞ്ചായത്ത് വൈസ്പ്രസിഡന്റ് എം.രാധാമണി ചക്ക സ്റ്റാളും തഹസില്‍ദാര്‍ പി.വി.മുരളി കലാസന്ധ്യയും ഉദ്ഘാടനം ചെയ്തു. ടി.വി.ഭാസ്കരൻ, എല്‍.കെ.ബഷീര്‍, ഷോബി ജോസഫ്, സി.രേഖ, ടി.അബ്ദുള്‍ ഖാദർ, പി.പത്മാവതി, ഹരീഷ് പി.നായർ, കെ.ആര്.വിനു, കെ.വിഷ്ണു, ജോസഫ് വര്‍ക്കി, ദേവസ്യ തറപ്പേൽ, സില്‍വി തോമസ്, എം.പി.രാഘവൻ, ലില്ലിക്കുട്ടി, ഡി.എല്‍.സുമ, എം.പി.ജോസഫ്, ജെറ്റോ ജോസഫ്, പി.കെ.സുമേഷ്, എൻ.മധു എന്നിവര്‍ പ്രസംഗിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ പരപ്പ, മാലോത്ത്, വെള്ളരിക്കുണ്ട് സ്കൂളുകളിലെ കുട്ടികളെ മാലോം മഹാത്മാഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് നേതൃത്വത്തില്‍ ഉപഹാരം നല്കി ആദരിച്ചു. മേള ഇന്നു സമാപിക്കും.