കാസര്‍ഗോഡെന്താ കുപ്പത്തൊട്ടിയോ ?
1297242
Thursday, May 25, 2023 1:02 AM IST
സ്വന്തം ലേഖകന്‍
കാസര്‍ഗോഡ്: 'കൂടുതല്‍ കളിച്ചാല്‍ തന്നെ കാസര്‍ഗോഡേക്ക് സ്ഥലംമാറ്റും' എന്ന സിനിമാ ഡയലോഗ് ആവര്‍ത്തനവിരസത കാരണം ജനങ്ങള്‍ക്ക് മടുത്തെന്ന കാര്യം സിനിമാക്കാര്‍ക്ക് പോലും ബോധ്യമായെങ്കിലും ഭരണാധികാരികള്‍ ഈ പ്രവൃത്തി ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
കുറ്റാരോപിതരായ പോലീസുകാരെ സ്ഥലംമാറ്റാനുള്ള ഇടമായാണ് ഉദ്യോഗസ്ഥ-ഭരണവർഗങ്ങൾ ഇപ്പോഴും കാസര്‍ഗോഡിനെ കാണുന്നത്. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും വ്യാപകമായ പ്രതിഷേധമുയരുന്നുണ്ടെങ്കിലും അധികാരികള്‍ ഇതൊന്നും കണ്ടില്ലെന്ന് നടക്കുകയാണ് പതിവ്. കഴിഞ്ഞദിവസം എറണാകുളം തോപ്പുംപടിയിയില് യുവാവിനെ വാഹനമിടിച്ചുവീഴ്ത്തി നിര്‍ത്താതെ പോയ സംഭവത്തിലെ പ്രതി കടവന്ത്ര ഇന്‍സ്പെക്ടര്‍ ജി.പി.മനുരാജിനെ ചന്തേര പോലീസ് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റിയ നടപടി, ഈ പതിവ് ഇനിയും തുടരുമെന്ന സൂചനയാണ് നല്‍കുന്നത്.
ഇത്തരത്തില്‍ ശിക്ഷാനടപടിയുടെ ഭാഗമായി മറ്റു ജില്ലയില്‍ നിന്നും സ്ഥലംമാറിവന്ന പോലീസ് ഉദ്യോഗസ്ഥനെ ഈ വര്‍ഷമാണ് സര്‍വീസില്‍ നിന്നു തന്നെ പിരിച്ചുവിട്ടത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കാസര്‍ഗോഡ് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ആർ.ശിവശങ്കരനെയാണ് സര്‍വീസില്‍ നിന്നും പുറത്താക്കിയത്. പാലക്കാട് ജോലിചെയ്യവേ അനധികൃത സ്വത്ത് സമ്പാദനം, നിരപരാധികളെ കേസില്‍പ്പെടുത്തൽ, അനധികൃതമായി അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ കേസുകളിലും പ്രതിയായിരുന്നു ശിവശങ്കരൻ. 2006 മുതല്‍ വിവിധ അച്ചടക്കനടപടികളുടെ ഭാഗമായി നാലുതവണ സസ്പെന്‍ഷനില്‍ ആവുകയും 11 തവണ വകുപ്പുതല നടപടികള്‍ക്ക് വിധേയനാവുകയും ചെയ്തിട്ടുണ്ട്. സര്‍വീസിന്റെ അവസാനകാലത്താണ് ശിക്ഷാനടപടിയായി കാസര്‍ഗോട്ടേക്ക് സ്ഥലംമാറ്റിയത്. ശിക്ഷാനടപടികള്‍ പലതവണ നേരിട്ടിട്ടും ഈ ഉദ്യോഗസ്ഥന് തുടര്‍ച്ചയായി ഇത്തരം കേസുകളില്‍ പ്രതിയാകുകയും സ്വഭാവദൂഷ്യം തുടരുകയും ചെയ്തതിനാല്‍ പോലീസില്‍ തുടരാന്‍ യോഗ്യനല്ലെന്നു കണ്ടെത്തിയാണ് നടപടിയെടുത്തത്.
2021 ഓഗസ്റ്റ് 26ന് കൊച്ചിയില്‍ 11 കോടിയുടെ മയക്കുമരുന്ന് പിടിച്ച കേസ് അട്ടിമറിച്ച എക്സൈസ് സിഐ ബിനോജിനെ കാസര്‍ഗോഡേക്ക് സ്ഥലംമാറ്റിയുള്ള ഉത്തരവ് ഏറെ വിവാദമായിരുന്നു. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ സ്ഥലംമാറ്റ നടപടിയില്‍ നിന്നും പിന്മാറുകയായിരുന്നു. 2016ല്‍ തൃശൂര്‍ പാലിയേക്കരയില്‍ കാര്‍ യാത്രികരോട് മോശമായി പെരുമാറിയ ചാലക്കുടി ഡിവൈഎസ്പി കെ.കെ.രവീന്ദ്രനെ കാസര്‍ഗോഡ് ക്രൈം ഡിറ്റാച്ച്മെന്റിലേക്ക് സ്ഥലംമാറ്റിയ സംഭവവും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.