അടുക്കളയ്ക്കായി അടുക്ക് കൃഷി
1282085
Wednesday, March 29, 2023 1:05 AM IST
കാസര്‍ഗോഡ്: പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത കൈവരിക്കുകയും വിഷരഹിത പച്ചക്കറി ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുമായി ഹോര്‍ട്ടിക്കള്‍ച്ചറിന്റെ അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്ഡന്. ജില്ലയില്‍ വെര്‍ട്ടിക്കല്‍ മാതൃകയില്‍ പച്ചക്കറി കൃഷി നടപ്പിലാക്കുവാന്‍ ലക്ഷ്യമിടുകയാണ് കൃഷി വകുപ്പ്.
ജില്ലയില്‍ ഭൂരഹിത കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ റിസര്‍ച്ചിന്റെ (ഐസിഎആര്‍) സാങ്കേതിക സഹായത്തോടെ കൃഷിവകുപ്പ്-ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്-കേരള മുഖാന്തിരം രാഷ്ട്രീയ കൃഷി വികാസ് യോജന എന്ന കേന്ദ്രാവിഷ്കൃത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിക്കുന്നത്.
സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷനില്‍ ലഭിക്കുന്ന മുന്‍ഗണനാ ക്രമത്തിലായിരിക്കും ഗുണഭോക്താക്കളെ നിശ്ചയിക്കുന്നത്.
അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്ഡന് സ്ട്രക്ച്ചര്‍, പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്കായി അല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുവാന്‍ പാടില്ല.
നിര്‍ദ്ദിഷ്ട ഇടവേളകളില്‍ സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്റെ പദ്ധതി നിര്‍വഹണ പരിശോധനകളുണ്ടായിരിക്കും. അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്ഡന് സ്ട്രക്ച്ചര്‍ ഇന്‍സ്റ്റാള്‍ ചെയ്താണ് കൃഷി ചെയ്യുന്നത്.
ഒരു അപേക്ഷകന് ഒരു അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്ഡന് സ്ട്രക്ച്ചര്റായിരിക്കും ലഭിക്കുക. ഒരു സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ സ്ഥാപിക്കുവാന്‍ കഴിയുന്ന തരത്തില്‍ നാല് അടുക്കുകളുള്ള അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്ഡന് സ്ട്രച്ചറാണ് രൂപകല്പന ചെയ്തിട്ടുള്ളത്.
സ്ട്രച്ചറിനൊപ്പം 16 ചെടിച്ചട്ടികള്‍, 80 കിലോഗ്രാം പരിപോഷിപ്പിച്ച നടീല്‍ മാധ്യമം (ചകിരിച്ചോര്‍), ചീര, മുളക്, പാലക്ക്, മല്ലി, കത്തിരി, തക്കാളി തുടങ്ങിയ വിളകളുടെ വിത്ത്, സസ്യ പോഷണ-സംരക്ഷണ പദാര്‍ഥങ്ങള്‍, 25 ലിറ്റര്‍ സംഭരണശേഷിയുള്ള തുള്ളിനന സൗകര്യം എന്നിവ ലഭിക്കും. ചക്രങ്ങള്‍ ഘടിപ്പിച്ചിട്ടുള്ളതിനാല്‍ സൂര്യപ്രകാശ ലഭ്യതയ്ക്കനുസരിച്ച് ഇതിന്റെ സ്ഥാനം മാറ്റാനും കഴിയും.
22,100 രൂപ ആകെ ചെലവ് വരുന്ന ഒരു യൂണിറ്റ് അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്ഡന് 10,525 രൂപ ധനസഹായത്തോടെയാണ് സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന് ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുക. അപേക്ഷ നല്‍കേണ്ട വെബ്സൈറ്റ് https://serviceonline.gov.in. 11,575 രൂപ അപേക്ഷയോടൊപ്പം ഓണ്‍ലൈനായി മുന്‍കൂര്‍ അടയ്ക്കണം. ഫോണ്‍: 0471 2330857, 9188954089.