ഷട്ടറുകള്‍ തകരാറില്‍; പണാംകോട് ചെക്ക് ഡാമില്‍ വെള്ളം വറ്റുന്നു
1281806
Tuesday, March 28, 2023 1:26 AM IST
രാജപുരം: കോടോം-ബേളൂര്‍ പഞ്ചായത്തില്‍ ഉദയപുരം പണാംകോട് ചെക്ക്ഡാമിന്റെ ഷട്ടറുകള്‍ തകരാറിലായതോടെ വെള്ളം പിടിച്ചുനിര്‍ത്താന്‍ കഴിയാതെ വറ്റിത്തുടങ്ങി.
ഷട്ടറുകളുടെ അറ്റകുറ്റപ്പണികള്‍ കൃത്യസമയത്ത് നടത്താതിരുന്നതാണ് കേടുപാടുകള്‍ സംഭവിക്കാന്‍ കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു. ഡാമിലെ വെള്ളം പകുതിയോളം വറ്റി മണ്‍തിട്ടകള്‍ തെളിഞ്ഞുതുടങ്ങിയ നിലയിലാണ്. ഉദയപുരം-കോടോം ഭാഗത്ത് മുപ്പത് ഏക്കറോളം സ്ഥലത്തെ നെല്‍വയലുകള്‍ക്കും ഇരുന്നൂറ് ഏക്കറോളം കമുക്, തെങ്ങ് കൃഷിക്കും വെള്ളം ലഭ്യമാക്കാന്‍ ചെക്ക് ഡാം പ്രയോജനപ്പെട്ടിരുന്നു. വെള്ളം നിറഞ്ഞുകിടക്കുന്ന ചെക്ക് ഡാം ദൂരസ്ഥലങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള സഞ്ചാരികള്‍ക്കും വലിയ ആകര്‍ഷണമായിരുന്നു. ഇവിടെ ഉല്ലാസ ബോട്ട് സര്‍വീസ് തുടങ്ങണമെന്ന ആവശ്യംപോലും ഉണ്ടായിരുന്നു. ചെക്ക്ഡാം നിറഞ്ഞുകിടക്കുമ്പോള്‍ സമീപപ്രദേശങ്ങളിലെ കിണറുകളിലും ജലനിരപ്പ് ഉയര്‍ന്നിരുന്നു. ഇപ്പോള്‍ കടുത്ത വേനലില്‍ ചെക്ക്ഡാമില്‍ വെള്ളം ക്രമാതീതമായി കുറഞ്ഞതോടെ കിണറുകളിലും വെളളം വറ്റിത്തുടങ്ങി.
അവശേഷിച്ച വെള്ളമെങ്കിലും മേയ് മാസം കഴിയുന്നതുവരെ പിടിച്ചുനിര്‍ത്താന്‍ ഷട്ടറുകളുടെ അറ്റകുറ്റപ്പണികള്‍ എത്രയും വേഗം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.