കാസര്‍ഗോഡ്: മാലിന്യസംസ്കരണ രംഗത്തെ നിയമലംഘനങ്ങള്‍ കണ്ടെത്തി നിയമനടപടി സ്വീകരിക്കാന്‍ രൂപീകരിച്ച പ്രത്യേക എന്‍ഫോഴ്സ്മെന്റ് സംഘം ജില്ലയില്‍ പരിശോധന തുടങ്ങി. ആദ്യ ദിനം കാസര്‍ഗോഡ് നഗരസഭാ പരിധിയിലെ പഴയ ബസ് സ്റ്റാന്‍ഡിലെ കടകളില്‍ പരിശോധന നടത്തി. പരിശോധനയില്‍ കടകളില്‍ നിന്ന് 35 കിലോഗ്രാം നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു.
കൂടാതെ റോഡരികില്‍ പ്ലാസ്റ്റിക് കവറില്‍ സാധനങ്ങള്‍ വില്‍പ്പന നടത്തുവര്‍ക്ക് മുന്നറിയിപ്പ് നല്കി. പഴയ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ജിന്‍ ഫ്രീ സൂപ്പര്‍ മാര്‍ക്കറ്റിന്10,000 രൂപ പിഴ ഈടാക്കാന്‍ നോട്ടീസ് നല്കി. പിടിച്ചെടുത്ത നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നഗരസഭയ്ക്ക് കൈമാറി. പരിശോധന തുടര്‍ ദിവസങ്ങളിലും നടത്തും. ജില്ലാ ശുചിത്വ മിഷന് എന്‍ഫോഴ്സ്മെന്റ് ഓഫീസറുടെ നേതൃത്വത്തില്‍ നഗരസഭാ ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥര്‍, ഇന്റേണല്‍ വിജിലന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍, ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവരാണ് പരിശോധന നടത്തിയത്.