ക്നാനായ കുടിയേറ്റം സര്വതോന്മുഖമായ വളര്‍ച്ചയ്ക്ക് വഴിതെളിച്ചു: സെമിനാര്‍
1264482
Friday, February 3, 2023 12:38 AM IST
രാജപുരം: മലബാര്‍ ക്നാനായ കുടിയേറ്റം ഒരു മേഖലയുടെ സര്വതോന്മുഖമായ വളര്‍ച്ചയ്ക്ക് വഴിതെളിച്ചതായി കുടിയേറ്റത്തിന്റെ 80-ാം വാര്‍ഷികത്തോടനുബന്ധിച്ച് രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച കുടിയേറ്റ ചരിത്ര സെമിനാര്‍ വിലയിരുത്തി.
വികസനപാതയില്‍ നമ്മെ വഴിനടത്തിയവരാണ് കുടിയേറ്റ പൂര്‍വികരെന്ന് സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ പറഞ്ഞു. അവരുടെ ആത്മവിശ്വാസവും കഠിനാധ്വാനവും ദൈവവിശ്വാസവും ഒരു പ്രദേശത്തിന്റെയാകെ മുഖച്ഛായ മാറ്റി. കാര്‍ഷിക, സാമ്പത്തിക, സാംസ്കാരിക, വിദ്യാഭ്യാസ, ആത്മീയ മേഖലകളിലെല്ലാം അത് പുരോഗതിക്ക് കാരണമായതായി അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസമേഖലയിലെ പുരോഗതിയുടെ ഫലമായി ഉണ്ടാകുന്ന വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം പുരോഗതിയുടെ അടുത്ത ഘട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
കുടിയേറ്റത്തിന്റെ ആദ്യകാലങ്ങളിലെ സഹനങ്ങള്‍ക്കിടയിലും ക്നാനായ പൂര്‍വികര്‍ വിദ്യാഭ്യാസത്തിന് നല്കിയ പ്രാധാന്യമാണ് ഈ പ്രദേശത്തിന്റെ ഇന്നത്തെ വളര്‍ച്ചയ്ക്ക് മുഖ്യ കാരണമായി തീര്‍ന്നതെന്ന് ചര്‍ച്ചയില്‍ മോഡറേറ്ററായ കണ്ണൂര്‍ സര്‍വകലാശാല മുന്‍ വിസി ഡോ.ഖാദര്‍ മാങ്ങാട് പറഞ്ഞു. പലായനത്തിലൂടെ വിജയം നേടിയ ഒരു സമൂഹമാണ് ക്നാനായക്കാരെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം നിലനില്പിനു വേണ്ടിയുള്ള പോരാട്ടത്തിനിടയിലും സാമൂഹിക മാറ്റങ്ങള്‍ക്കുവേണ്ടി ശ്രമിച്ചവരാണ് ക്നാനായക്കാരെന്നും അതുവഴി സമൂഹത്തിനാകെ വെളിച്ചം പകരാന്‍ അവര്‍ക്ക് സാധിച്ചതായും ഡോ.അജയകുമാര്‍ കോടോത്ത് പറഞ്ഞു. വെല്ലുവിളികളെ അതിജീവിച്ച് വിജയത്തിലെത്തിയ ക്നാനായ സമൂഹത്തിന്റ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിലെ ക്രാന്തദര്‍ശിത്വമാണ് നാടിനെ ഈ നിലയിലേക്കുയര്ത്തിയതെന്ന് പ്രഫ.കെ.പി.ജയരാജന് പറഞ്ഞു. ദൈവിക പരിപാലനത്തിന്റെ പൂര്‍ത്തീകരണമാണ് കുടിയേറ്റവിജയമെന്നും വരുംനാളുകളിലും ഇതിന്റെ തുടര്‍ച്ചകളുണ്ടാക്കാന്‍ കഴിയണമെന്നും സിസ്റ്റര്‍ ഡോ.മേഴ്സിലിറ്റ് പറഞ്ഞു.
ഹോളിഫാമിലി ദേവാലയത്തിലെ കുടിയേറ്റ തിരുനാളാഘോഷങ്ങള്‍ക്ക് വൈകുന്നേരം അഞ്ചിന് വികാരി ഫാ.ജോര്‍ജ് പുതുപ്പറമ്പില്‍ കൊടിയേറ്റി. തിരുനാളാഘോഷങ്ങള്‍ ഫെബ്രുവരി അഞ്ചുവരെ നടക്കും.