റീസർവേ ഓഫീസ് ശ്രീകണ്ഠപുരത്ത് നിലനിർത്തണം; എംഎൽഎ റവന്യൂ മന്ത്രിക്ക് കത്ത് നൽകി
1572907
Friday, July 4, 2025 7:28 AM IST
ശ്രീകണ്ഠപുരം: പതിറ്റാണ്ടുകളായി പ്രവർത്തിച്ചിരുന്ന റീസർവേ ഓഫീസ് ശ്രീകണ്ഠപുരത്ത് തന്നെ നിലനിർത്തണമെന്നും ഇതിന് ആവശ്യമായ കെട്ടിടസൗകര്യം ഒരുക്കിയിട്ടുണ്ടെന്നും കാണിച്ച് സജീവ് ജോസഫ് എംഎൽഎ റവന്യൂ മന്ത്രി കെ. രാജന് കത്ത് നൽകി.
കഴിഞ്ഞദിവസം ശ്രീകണ്ഠപുരത്ത് ചേർന്ന സർവകക്ഷി യോഗ തീരുമാനപ്രകാരമാണ് എംഎൽഎ മന്ത്രിക്ക് കത്ത് നൽകിയത്. ശ്രീകണ്ഠപുരം നഗരസഭ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തന്നെ പ്രസ്തുത ഓഫീസ് പ്രവർത്തിക്കാൻ ആവശ്യമായ സൗകര്യം ഏർപ്പെടുത്തുമെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്.
റീസർവേ ഓഫീസ് നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വാടകയും കെട്ടിടത്തിലെ അസൗകര്യങ്ങളുമാണ് ഓഫീസ് മാറ്റത്തിനു കാരണമെന്നാണ് അധികൃതർ അറിയിച്ചത്. സർവകക്ഷി യോഗത്തിൽ എംഎൽഎ നഗരസഭയോട് സൗജന്യമായി കെട്ടിട സൗകര്യം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സർവകക്ഷിയോഗത്തിൽ നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന, വികസനസമിതി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി. ചന്ദ്രാംഗതൻ, വാർഡ് കൗൺസിലർ വി.പി. നസീമ, ഇ.വി. രാമകൃഷ്ണൻ, വി.സി. രാമചന്ദ്രൻ, ടി.പി. സുനിൽകുമാർ, വി.വി. സേവി, എൻ.പി. സിദ്ദിഖ്, കെ. സലാഹുദീൻ, പി.സി. രമേശൻ, ഗോപി, സി.കെ. അലക്സ്, നഗരസഭ സെക്രട്ടറി ടി.വി. നാരായണൻ എന്നിവർ പങ്കെടുത്തു.