വിദ്യാർഥികള്‍ക്കായി ‘ലെറ്റസ് വോട്ട്’ ഗെയിം പുറത്തിറക്കി
1572916
Friday, July 4, 2025 7:28 AM IST
കണ്ണൂർ: വിദ്യാര്‍ഥികളെ വോട്ടിംഗ് പ്രക്രിയ പരിചയപ്പെടുത്താനും പോളിംഗ് ബൂത്തിലേക്ക് പോകുന്ന പുതിയ വോട്ടര്‍മാര്‍ക്ക് ആശയക്കുഴപ്പമില്ലാതെ വോട്ട് രേഖപ്പെടുത്താനും ജില്ലയില്‍ രൂപകല്പന ചെയ്ത വോട്ടര്‍ ബോധവത്കത്കരണ ഗെയിം "ലെറ്റ്സ് വോട്ട്' മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.
സബ് കളക്ടര്‍ കാര്‍ത്തിക് പാണിഗ്രഹിയുടെ നേതൃത്വത്തില്‍ തലശേരി എന്‍ജിനിയറിംഗ് കോളജിലെ കംപ്യൂട്ടര്‍ സയന്‍സ് വിഭാഗവുമായി സഹകരിച്ചാണ് വെര്‍ച്വല്‍ ഇലക്ഷന് ഗെയിം തയാറാക്കിയത്. സിസ്റ്റമാറ്റിക് വോട്ടര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (സ്വീപ്പ്) പദ്ധതിയുടെ ഭാഗമായി തയാറാക്കിയ ഗെയിം ആറാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാനാകും. ഇലക്ഷന് നടപടി ക്രമങ്ങളിലേക്ക് യുവതലമുറയെ ആകര്‍ഷിക്കുന്നതിന് ഇത്തരം ഗെയിമുകള്‍ സഹായിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രക്രിയയിലും വോട്ട് ചെയ്യുന്നതിലും യുവതലമുറയ്ക്ക് താത്പര്യമില്ലെന്നാണ് അടുത്തിടെ നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത്. ഇത്തരം പ്രവണതകള്‍ കുറച്ച് വോട്ടവകാശമുള്ള മുഴുവന്‍ പേരേയും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഭാഗമാക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ മൊബൈല്‍ ഗെയിം ആപ് രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും ഓഫീസര്‍ പറഞ്ഞു. ഇലക്ഷന് ലിറ്ററസി ക്ലബ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്കൂള്‍, കോളജ് തലത്തില്‍ നിരവധി ബോധവത്കരണ പരിപാടികള്‍ കമ്മീഷന് നടത്തുന്നുണ്ടെന്നും ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ പറഞ്ഞു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന് അധ്യക്ഷത വഹിച്ചു. തലശേരി സബ് കളക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി മുഖ്യാതിഥിയായിരുന്നു. അസിസ്റ്റന്റ് കളക്ടര്‍ എഹ്തെദ മുഫസിര്‍, ഇലക്ഷന് ഡപ്യൂട്ടി കളക്ടര്‍ കെ.കെ. ബിന്നി തുടങ്ങിയവർ പ്രസംഗിച്ചു.