കൊട്ടിയൂരിലെ കുരുക്കഴിക്കാൻ പോലീസിന്റെ മാസ്റ്റർ പ്ലാൻ
1572370
Thursday, July 3, 2025 1:12 AM IST
കണ്ണൂർ: കൊട്ടിയൂർ മഹാദേവ ക്ഷേത്ര വൈശാഖ മഹോത്സവ സമയത്തുണ്ടാകുന്ന ഗതാഗത കുരുക്ക് ഒഴിവാക്കാൻ പോലീസിന്റെ മാസ്റ്റർ പ്ലാൻ. പേരാവൂർ ഡിവൈഎസ്പി എം.പി. ആസാദിന്റെ നേതൃത്വത്തിലാണ് മാസ്റ്റർ പ്ലാൻ തയാറാക്കിയത്.
2026 ലെ ഉത്സവസീസൺ തുടങ്ങുന്നതിന് മുന്പ് മാസ്റ്റർ പ്ലാൻ നടപ്പിലാക്കണമെന്നാണ് നിർദേശം. ഉത്തരമേഖലാ ഐജി രാജ്പാൽ മീണ, കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര, കണ്ണൂർ റൂറൽ എസ്പി. അനൂജ് പലിവാൽ എന്നിവരുടെ നിർദേശാനുസരണമാണ് മാസ്റ്റർ പ്ലാൻ തയാറാക്കിയത്.
പ്രധാനപ്പെട്ട നിർദേശങ്ങൾ
4 വർധിച്ചു വരുന്ന തീർഥാടക പ്രവാഹം പരിഗണിച്ച് കുറഞ്ഞത് പതിനായിരത്തിലധികം വാഹനങ്ങളെങ്കിലും ഒരേസമയം പാർക്ക് ചെയ്യാൻ പറ്റുന്ന തരത്തിൽ പാർക്കിംഗ് സൗകര്യങ്ങൾ വികസിപ്പിക്കണം. സമാന്തര പാതയ്ക്ക് സമീപം ഉൾപ്പെടെ എല്ലായിടത്തും സ്വകാര്യ പാർക്കിംഗ് പ്രോത്സാഹിപ്പിക്കണം.
4എല്ലാ പ്രധാന പാർക്കിംഗുകളുടെയും എൻട്രിയും എക്സിറ്റും മെയിൻ റോഡിലേക്കായതിനാൽ അത് ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്. അത് ഒഴിവാക്കുന്നതിന് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനോട് ചേർന്ന് പുതുതായി ഒരു ബസ് ബേ നിർമിക്കണം.
4കേളകം ഭാഗത്തുനിന്ന് കൊട്ടിയൂർ ദർശനത്തിനുള്ള ഭക്തരെയും കയറ്റി വരുന്ന എല്ലാ വാഹനങ്ങളും കെഎസ്ആർടിസി ബസ് സ്റ്റാൻഡിനോട് ചേർന്ന് നിർമിക്കാൻ ഉദ്ദേശിക്കുന്ന പുതിയ ബസ് ബേയിൽ ആളുകളെ ഇറക്കിയശേഷം ചെറിയ വാഹനങ്ങൾ പാർക്കിംഗ്-ഒന്നിൽ പാർക്ക് ചെയ്യുകയും ബസുകൾ പുതിയ ബസ് ബേ വഴി മെയിൻ റോഡിൽ കയറി മന്ദംചേരിയിലെ ബസ് പാർക്കിംഗിലേക്ക് പോയി പാർക്ക് ചെയ്യുക.
4കെഎസ്ആർടിസി ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള പുതുതായി നിർമിക്കുന്ന ബസ് ബേയിൽ ഇറങ്ങുന്ന തീർഥാടകർ മെയിൻ റോഡിൽ പ്രവേശിക്കാതെ ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള നടപ്പാതയിലൂടെ ഒന്നാം പാലം വഴി അക്കരെ കൊട്ടിയൂരിലേക്ക് പ്രവേശിക്കണം.
4 ഒന്നാം പാലം വഴിയും മന്ദംചേരി പാലം വഴിയും മറ്റ് വഴികളിലൂടെയും അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് എത്തുന്ന മുഴുവൻ തീർഥാടകരും ദർശനത്തിനുശേഷം രണ്ടാം പാലം വഴി പുറത്തേക്ക് വരേണ്ടതാണ്.
4നിലവിൽ തിരുവഞ്ചിറയിലേക്ക് ഇറങ്ങുന്ന മേൽപ്പാലത്തിനു സമാന്തരമായി ഇക്കരെ കൊട്ടിയൂരിൽ നിന്നും ഒന്നാം പാലം വഴി വരുന്ന ഭക്തജനങ്ങൾക്കും ശീവേലിക്ക് തടസം വരാത്ത രീതിയിൽ മറ്റൊരു മേൽപ്പാലം പണിയുക.
4 പാമ്പറപ്പാൻ പാലം മുതൽ മന്ദംചേരി ജംഗ്ഷൻ വരെ റോഡിന് ഇരുവശവും നടപ്പാത നിർമിച്ച് തീർഥാടകർ റോഡിലേക്ക് ഇറങ്ങാത്ത രീതിയിൽ നടപ്പാതക്ക് ഇരുവശവും സ്ഥിരം ബാരിക്കേഡുകൾ സ്ഥാപിക്കണം.
4മന്ദംചേരി പുഴക്ക് സമീപമുള്ള പാർക്കിംഗിന് പ്രത്യേകം എൻട്രി എക്സിറ്റ് പാർക്കിംഗിന് ഇരുവശങ്ങളിലുമായി വലിയ വാഹനങ്ങൾക്കു കൂടി കയറുവാനും ഇറങ്ങുവാനും പാകത്തിൽ നിർമിക്കുക.
4സമാന്തരപാതയോട് ചേർന്നുള്ള പാർക്കിംഗിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയും കേളകം ഭാഗത്ത് നിന്നും സമാന്തര പാത വഴി വരുന്ന വാഹനങ്ങൾ പാർക്കിംഗ് രണ്ടിൽ പാർക്ക് ചെയ്യുകയും ചെയ്യുക.
4സമാന്തരപാതയോട് ചേർന്നുള്ള പാർക്കിംഗിൽ ഇറങ്ങുന്ന ഭക്തജനങ്ങൾക്ക് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിനായി നടപ്പാത ഉണ്ടാക്കണം.
4 മാനന്തവാടി ഭാഗത്തുനിന്ന് തീർഥാടകരെയും കൊണ്ട് വരുന്ന ബസുകൾ മന്ദംചേരി ബസ് പാർക്കിംഗിൽ ആളുകളെ ഇറക്കുകയും പാർക്ക് ചെയ്യുകയും ചെയ്യുക, ചെറു വാഹനങ്ങൾ മന്ദംചേരി പുഴക്ക് സമീപമുള്ള പാർക്കിംഗിൽ ആളുകളെ ഇറക്കി പാർക്ക് ചെയ്യുക.
4അവധിദിനങ്ങളിലും തിരക്കേറിയ ദിവസങ്ങളിലും വയനാട് ഭാഗത്തേക്ക് പോകുന്നതും വരുന്നതുമായ തീർഥാടകർ ഒഴികെയുള്ള വാഹനങ്ങൾ നിടുംപൊയിൽപേരിയ റോഡ് ഉപയോഗിക്കേണ്ടതാണ്.
4ദർശനം കഴിഞ്ഞു തിരിച്ചു പോകുന്ന തീർത്ഥാടകരെ പാർക്കിംഗിൽ വെച്ചു മാത്രമേ കയറ്റുവാൻ പാടുള്ളൂ. യാതൊരു വാഹനങ്ങളും റോഡിൽ നിർത്തി ആളുകളെ ഇറക്കുവാനോ, കയറ്റുവാനോ പാടുള്ളതല്ല.
4അക്കരെ ഇക്കരെ കൊട്ടിയൂർ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് മെയിൻ റോഡിനു കുറുകെ രണ്ടാം പാലം വഴി മടങ്ങുന്ന തീർത്ഥാടകർക്കായി താല്കാലിക മേൽപാലം പണിയേണ്ടതാണ്.
സുരക്ഷാ നിർദേശങ്ങൾ
4 ബാവലി പുഴയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള സ്ഥിരം സ്നാനഘട്ടം നിർമിക്കണം.
4സ്നാനഘട്ടം ഒഴികെയുള്ള ഭാഗങ്ങളിൽ ഭക്തജനങ്ങൾ പുഴയിലേക്കിറങ്ങാതിരിക്കുവാൻ പുഴയുടെ ഇരുവശവും സ്ഥിരം ബാരിക്കേഡുകൾ നിർമിക്കണം.
4കയർ കെട്ടി തീർഥാടകരെ നിയന്ത്രിക്കുന്നതിന് ഹൈക്കോടതി വിലക്കുള്ളതിനാൽ സ്ഥിരം ബാരിക്കേഡുകൾ സ്ഥാപിച്ച് സെഗ്മന്റുകൾ തിരിച്ച് ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കണം.
4 അക്കരെ ഇക്കരെ കൊട്ടിയൂരിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചു കൊണ്ടുള്ള പോലീസ് കൺട്രോൾ റൂം സ്ഥാപിക്കേണ്ടതാണ്.
4അമ്പായത്തോട് മുതൽ ചുങ്കക്കുന്നുവരെയും സമാന്തര പാതയിലും പാർക്കിംഗുകളിലും അക്കരെ കൊട്ടിയൂർ മുഴുവൻ കവർ ചെയ്യുന്ന രീതിയിലും പുഴയോരങ്ങളിലും സിസിടിവി കാമറകളും അനൗൺസ്മെന്റ് സിസ്റ്റവും സ്ഥാപിച്ച് അക്കരെ ഇക്കരെ പോലീസ് കൺട്രോൾ റൂമുകളുമായി ബന്ധിപ്പിക്കേണ്ടതാണ്.
4കാണാതാകുന്നവരെയും വഴി തെറ്റി പോകുന്നവരെയും പ്രായമായ ആളുകളെയും സഹായിക്കുന്നതിനായി കാര്യക്ഷമമായ സംവിധാനം ഏർപ്പെടുത്തേണ്ടതും എല്ലായിടത്തും വിവിധ ഭാഷകളിലുള്ള ദിശാ ബോർഡുകളും അനൗൺസ്മെന്റും ഏർപ്പെടുത്തേണ്ടതുമാണ്.
4പതിവിനു വിപരീതമായി രാത്രി കാലങ്ങളിൽ തീർഥാടകരുടെ തിരക്ക് വർധിച്ചു വരുന്നതിനാൽ അക്കരെ ഇക്കരെ കൊട്ടിയൂരിലും പാർക്കിംഗ് ഏരിയകളിലും,പുഴയോരങ്ങളിലും സമാന്തര പാതയിലും കാര്യക്ഷമമായ ലൈറ്റ് സംവിധാനം ഏർപ്പെടുത്തണം.
4ഫയർആൻഡ് റെസ്ക്യൂ, വളണ്ടിയർ സെക്യൂരിറ്റി ഡ്യൂട്ടി ചെയ്യുന്നവരുടെ എണ്ണം വർധിപ്പിക്കണം.
4അക്കരെ-ഇക്കരെ കൊട്ടിയൂരിൽ മതിയായ ശൗചാലയങ്ങളും വിശ്രമകേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങളും നിർമിക്കണം.
4കൊട്ടിയൂർ ഉത്സവത്തിന് ഉൾക്കൊള്ളാൻ പറ്റുന്ന വാഹനങ്ങളുടെയും ഭക്തജനങ്ങളുടെയും എണ്ണം പഠനം നടത്തി കണക്കാക്കേണ്ടതും അതിനനുസരിച്ച് വാഹനങ്ങളുടെയും ഭക്തജനങ്ങളുടെയും ഇൻഫ്ലോ ഔട്ഫ്ലോ ക്രമീകരിക്കുന്നതിനായി ചുങ്കക്കുന്നും അമ്പായത്തോടും സ്ഥിരം ചെക്ക് പോസ്റ്റ് നിർമ്മിച്ച് നിയന്ത്രണം ഏർപ്പെടുത്തണം.