ആക്രി സാധനങ്ങളുടെ കൈമാറ്റം; തളിപ്പറമ്പ് നഗരസഭയിൽ ക്രമക്കേടെന്ന്
1572373
Thursday, July 3, 2025 1:12 AM IST
തളിപ്പറമ്പ്: ആക്രി സാധനങ്ങളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് നഗരസഭയിൽ ക്രമക്കേട് കണ്ടെത്തി. മേയ് 22ന് ചേര്‍ന്ന നഗരസഭാ കൗണ്‍സിലില്‍ പ്രതിപക്ഷാംഗങ്ങൾ നടത്തിയ ആരോപണത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സെക്ഷന്‍ ക്ലാര്‍ക്ക് വി.വി. ഷാജി ഗുരുതരമായ വീഴ്ച വരുത്തിയതായി സ്റ്റിയറിംഗ് കമ്മിറ്റി കണ്ടെത്തിയത്.
സാധനങ്ങളുടെ തൂക്കം രേഖപ്പെടുത്തിയത് സാക്ഷ്യപ്പെടുത്താതിരുന്നത് ഉള്‍പ്പെടെ നഗരസഭയ്ക്ക് അധിക ബാധ്യത വരുത്തിയതില്‍ ഷാജിയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയും അനാസ്ഥയുമുണ്ടായെന്ന് സ്റ്റിയറിംഗ് കമ്മറ്റി വിലയിരുത്തി. ഫയല്‍ പഠിച്ച ശേഷം വി.വി. ഷാജിക്കെതിരെ കൈക്കൊള്ളേണ്ട നടപടി സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥയായി റവന്യൂവിഭാഗം അസി. സെക്രട്ടറി പി. ലേഖയെ സ്റ്റിയറിംഗ് കമ്മിറ്റി ചുമതലപ്പെടുത്തിയിട്ടുണ്ട്.
1,81,560 രൂപയ്ക്കാണ് തളിപ്പറമ്പ് മന്നയിലെ അഴീക്കോടന്റകത്ത് അബ്ദുള്‍ റഷീദ് സ്ക്രാപ്പ് ലേലം കൊണ്ടത്. ഇയാള്‍ക്ക് നല്കിയ അറിയിപ്പിന്റെ പകര്‍പ്പല്ലാതെ മറ്റ് നടപടിക്രമങ്ങളൊന്നും തന്നെ ഫയലില്‍ രേഖപ്പെടുത്തിയിട്ടില്ല. സാധനങ്ങളുടെ ഇനം തിരിച്ചുള്ള തൂക്കം മേലധികാരികളെക്കൊണ്ട് സാക്ഷ്യപ്പെടുത്തിയില്ലെന്നും കണ്ടെത്തി. 1,10,000 രൂപ മാത്രമാണ് ഈ ഇനത്തില്‍ നഗരസഭ ഫണ്ടില്‍ ഒടുക്കിയിട്ടുള്ളത്.
പിതാവിനും മകനും അസുഖമായതിനാലും മകളുടെ വിവാഹത്തിരക്കിനായതിനാലുമാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാതിരുന്നതെന്നാണ് വി.വി. ഷാജി സ്റ്റിയറിംഗ് കമ്മിറ്റിയെ അറിയിച്ചത്. എന്നാൽ, മാസങ്ങൾക്ക് മുന്നേ നടന്ന ക്രമക്കേടിൽ ഈയടുത്ത് നടന്ന വിവാഹം കാരണമായി എന്നു പറയുന്നതിൽ എന്ത് ന്യായമാണ് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
ക്രമക്കേടിന് പിന്നിൽ നഗരസഭ ഭരണം നടത്തുന്നവർക്ക് പങ്കുണ്ടെന്നും കോൺഗ്രസ് നിയന്ത്രണത്തിലുള്ള നഗരസഭാ ജീവനക്കാരുടെ സംഘടനയുടെ കണ്ണൂർ-കാസർഗോഡ് ജില്ലാ പ്രസിഡന്റാണ് വി.വി. ഷാജിയെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
കൗൺസിൽ യോഗത്തിൽ
ഭരണ-പ്രതിപക്ഷ
കൈയാങ്കളി
ആക്രി സാധനങ്ങൾ കൈമാറ്റം ചെയ്തതിൽ ക്രമക്കട് നടന്നത് സംബന്ധിച്ച് ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നതായി ആരോപിച്ച് തളിപ്പറമ്പ് നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ രൂക്ഷമായ വാക്കേറ്റവും കൈയാങ്കളിയും. ഇന്നലെ രാവിലെ നടന്ന കൗൺസിൽ യോഗത്തിലാണ് ഭരണ പ്രതിപക്ഷങ്ങൾ തമ്മിൽ കൊമ്പുകോർത്തത്.
ഇതേക്കുറിച്ച് പ്രതിപക്ഷ അംഗം സി.വി. ഗിരീശൻ ഉന്നയിച്ച ചോദ്യമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. ഫയല്‍ പഠിച്ച ശേഷം വി.വി. ഷാജിക്കെതിരേ കൈക്കൊള്ളേണ്ട നടപടി സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ അന്വേഷണ ഉദ്യേഗസ്ഥയായി റവന്യൂ വിഭാഗം അസി. സെക്രട്ടറി പി. ലേഖയെ സ്റ്റിയറിംഗ് കമ്മിറ്റി ചുമതലപ്പെടുത്തിയതിനെതിരേ കൗൺസിലിൽ പ്രതിപക്ഷ നേതാവ് ഒ. സുഭാഗ്യം, സി.വി. ഗിരീശൻ, കെ.എം. ലത്തീഫ്, വി. വിജയൻ എന്നിവർ ചോദ്യങ്ങളുമായി എഴുന്നേറ്റു.
ഇത് സപ്ലിമെന്ററി അജൻഡയിൽ അവസാനമായി ചർച്ച ചെയ്യാമെന്ന ചെയർപേഴ്സൻ മുർഷിദ കൊങ്ങായി പറഞ്ഞത് അംഗീകരിക്കാനാവില്ലെന്നും മുഖ്യ അജൻഡയിൽ ഒന്നാമതായി ഉൾപ്പെടുത്തണമെന്നും പ്രതിപക്ഷം വാദിച്ചു. ഇതിനെതിരേ വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ, പി.സി നസീർ, പി.പി മുഹമ്മദ് നിസാർ, എം.കെ. ഷബിത എന്നിവരും രംഗത്തിറങ്ങി.
പിന്നീട് ഇരു വിഭാഗവും തമ്മിൽ ഇരിപ്പിടം വിട്ട് എഴുന്നേറ്റ് വാക്കേറ്റവും കയ്യാങ്കളിയുമായി. തുടർന്ന് ചെയർപേഴ്സൺ കൗൺസിൽ യോഗം പിരിച്ചു വിടുകയായിരുന്നു. ഗുരുതരമായ ക്രമക്കേട് നടന്നതിനെതിരേ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഒ. സുഭാഗ്യത്തിന്റെ നേതൃത്വത്തിൽ കൗൺസിലർമാർ നഗരസഭാ ഓഫീസ് കവാടത്തിന് മുന്നിൽ ധർണ നടത്തി. ധർണ നഗരസഭാ മുൻ വൈസ് ചെയർമാനും സിപിഎം നേതാവുമായ ടി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പ്രതിപക്ഷം നടത്തിയത് രാഷ്ട്രീയപ്രേരിത
നീക്കം: ചെയര്പേഴ്സന്.
തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷമുണ്ടാക്കിയ പ്രശ്നങ്ങള്‍ ജനാതിപത്യ പരമല്ലെന്ന് ചെയര്‍പേഴ്സൺ മുര്‍ഷിദ കൊങ്ങായി പ്രസ്താവനയില്‍ അറിയിച്ചു. കൗണ്‍സിലില്‍ ഉന്നയിച്ച വിഷയം തന്നെയാണ് ചോദ്യമായി എഴുതി തന്നത്. അതുകൊണ്ട് തന്നെ ആ ചോദ്യം അജൻഡയില്‍ ഉള്‍പെടുത്താതിരിക്കാനുള്ള വിവേചനാധികാരം ചെയര്പേഴ്സനുണ്ട്. മുന്‍ കൗണ്‍സിലില്‍ ഉന്നയിച്ച വിഷയം ഇന്നലത്തെ സപ്ലിമെന്ററി അജൻഡയില്‍ രണ്ടാമതായി വിശദമായി പ്രതിപാതിച്ചിട്ടുള്ളതാണ്. ചോദ്യം അജൻഡയില്‍ ഉള്‍പെടുത്താതിരുന്നത് കൗണ്‍സിലറുടെ അവകാശം നിഷേധിക്കലല്ല.
വീഴ്ച കണ്ടെത്തിയ ഉദ്യോഗസ്ഥനെതിരേ നടപടിയുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലും തികച്ചും രാഷ്ട്രീയ പ്രേരിതമായാണ് ഈ വിഷയങ്ങള്‍ കൗണ്‍സില്‍ അജൻഡ തുടങ്ങുന്നതിനു മുമ്പ് ഉന്നയിച്ച് കൗണ്‍സില്‍ അലങ്കപ്പെടുത്തിയത്. ഇത് തികച്ചും ജനാധിപത്യ വിരുദ്ധമാണ്. വരാന്‍ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തുന്ന പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പ്രേരിതമായ നീക്കങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണമെന്നും ചെയര്പേഴ്സന്ൺ പ്രസ്താവനയില്‍ പറഞ്ഞു.