അണ്ടർ ബ്രിഡ്ജ് മതിലിലെ കല്ല് താഴേയ്ക്ക് വീണു; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
1572363
Thursday, July 3, 2025 1:12 AM IST
കണ്ണൂർ: പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ അണ്ടർ ബ്രിഡ്ജിനോട് ചേർന്ന സ്ഥലത്തെ റെയിൽവേ യുടെ സ്ഥലത്തെ മതിലിന്റെ കൂറ്റൻ കല്ല് താഴേയ്ക്ക് വീണുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം. മുനീശ്വരൻ കോവിൽ ഭാഗത്ത് നിന്നും പഴയ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പോകുകയായിരുന്നു ബൈക്ക് യാത്രികൻ. ബൈക്കിന് മുന്നിലാണ് മതിലിന്റെ കരിങ്കല്ല് വീണത്. റോഡിൽ മറ്റു വാഹനങ്ങളും നടപ്പാതയിൽ കാൽനടയാത്രക്കാരുമില്ലാത്തതിനാലാണ് ദുരന്തം ഒഴിവായത്. മതിലിൽ ആൽമരം വളർന്നതിനെ തുടർന്ന് മതിൽ വിണ്ടുകീറി കല്ലുകൾ ഇളകിയ നിലയിലാണ്.
റെയിൽവേയുടെ സ്ഥലത്ത് നിന്നും മഴവെള്ളവും ഇതിലൂടെ റോഡിലേക്ക് ഒഴുകുന്നുണ്ട്. മതിലിന്റെ അപകടാവസ്ഥ ഒഴിവാക്കി റോഡ് യാത്ര സുരക്ഷിതമാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.