അന്തർസംസ്ഥാന പാതയിൽ റോഡിലൂടെ വെള്ളമൊഴുകുന്നു
1572356
Thursday, July 3, 2025 1:12 AM IST
ഇരിട്ടി: ഇരിട്ടി-കൂട്ടുപുഴ അന്തർസംസ്ഥാന പാതയിൽ ഓവുചാലകൾ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാത്തത് യാത്രക്കാരെ വലയ്ക്കുന്നു. അതിശക്തമായ മഴയിൽ മഴവെള്ളം റോഡിലൂടെ ഒഴുകുന്നതാണ് ഇരുചക്ര വാഹനങ്ങളെയും കാൽനട യാത്രക്കാരെയും ദുരിതത്തിലാക്കുന്നത്. മാടത്തിൽ ബെൻഹിൽ സ്കൂളിന് സമീപം വളവിൽ റോഡിലൂടെ ഒഴുകുന്ന മഴവെള്ളം കനത്ത അപകട ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
വേഗത്തിൽ എത്തുന്ന വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ വെള്ളം തെറിച്ച് ഇരുചക്ര വാഹനയാത്രക്കാരും കാൽനട യാത്രക്കാരും ഒരേപോലെ ബുദ്ധിമുട്ടുകയാണ്. അന്തർസംസ്ഥാന പാതയിൽ മഴക്കാലപൂർവ ശുചീകരണങ്ങൾ നടക്കാത്തതാണ് അപകടാവസ്ഥയ്ക്ക് കാരണം. റോഡിന് ഇരുവശവുമുള്ള കാടുകൾ വെട്ടി മാറ്റാത്തത് മറ്റൊരു കാരണമാണ്.
കാടുകളും ചപ്പുചവറുകളും നിറഞ്ഞ ഓവുചാലുകളിലൂടെ മഴവെള്ളം ഒഴുകിപ്പോകാൻ പറ്റാത്ത സാഹചര്യമാണ്. പൊതുമരാമത്ത് അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഇവിടെ വാഹനങ്ങൾ അപകടത്തിൽ പെടാനുള്ള സാധ്യതയും കൂടുതലാണ്.