ദേശീയപാത: നടാൽ ഓകെ യുപി സ്കൂൾ പരിസരത്ത് അടിപ്പാത നിർമിക്കണം: കെ. സുധാകരൻ എംപി
1572361
Thursday, July 3, 2025 1:12 AM IST
കണ്ണൂർ: ദേശീയപാത നിർമാണം പൂർത്തിയായാൽ കണ്ണൂർ-തോട്ടട-തലശേരി റൂട്ടിൽ ഉണ്ടാകാൻ പോകുന്ന യാത്ര ക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി നടാൽ ഓകെ യുപി സ്കൂൾ പരിസരത്ത് അടിപ്പാത നിർമിക്കേണ്ടത് അനിവാര്യമാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കെ. സുധാകരൻ എംപി അഭിപ്രായപ്പെട്ടു. അടിപ്പാത നിർമിക്കുന്നതിനായി രണ്ടിലേറെ തവണ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയെ കണ്ട് നിവേദനം നൽകി കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടും ഈ വിഷയത്തിൽ അനുകൂലമായ ഒരു തീരുമാനം ഇതുവരെ ഉണ്ടാകാത്തത് ഖേദകരമാണ്.
കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ നിരവധി അടിപ്പാതകൾ നിർമിക്കേണ്ടതിന്റെ ആവശ്യം അനുഭാവ പൂർവം പരിഗണിച്ച കേന്ദ്ര ഉപരിതലഗതാഗത മന്ത്രി ഈ വിഷയത്തിൽ മാത്രം അനുകൂലമായ ഒരു തീരുമാനം എടുക്കാത്തതിന്റെ കാരണം ഇവിടുത്തെ നാഷണൽ ഹൈവേ ഉദ്യോഗസ്ഥരുടെ നിഷേധാത്മക നിലപാടിന്റെ ഭാഗമാണോയെന്ന് സംശയിക്കുന്നു.
തുടക്കത്തിൽ ഈ അടിപ്പാതയ്ക്ക് വേണ്ടി ശബ്ദമുയർത്താത്ത സംസ്ഥാന സർക്കാർ ഇപ്പോൾ മുന്നോ ട്ടു വന്നതിൽ സന്തോഷമുണ്ട്. ഓകെ യുപി സ്കൂൾ പരിസരത്ത് അടിപ്പാത നിർമിക്കണമെന്ന ആവശ്യവുമായി വീണ്ടും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയെ കാണുകയും, ഈ മാസം നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഈ വിഷയം ഉന്നയിക്കുകയും ചെയ്യുമെന്ന് കെ. സുധാകരൻ എംപി പറഞ്ഞു.
കേരള സംസ്ഥാന കൈത്തറി വികസന കോർപറേഷൻ (ഹാൻഡ് വീവ് ) ജീവനക്കാരുടെയും, കൈത്തറി തൊഴിലാളികളുടെയും മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ശമ്പളം അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ. സുധാകരൻ എംപി മുഖ്യമന്ത്രിക്ക് കത്തും നൽകി. 2024 ഡിസംബർ മാസത്തെ ശമ്പളമാണ് അവസാനമായി ജീവനക്കാർക്ക് ലഭിച്ചത്. ഇതു തന്നെ ഗഡുക്കളായിട്ടായിരുന്നു അനുവദിച്ചിരുന്നത്.
കോർപറേഷനെ ആശ്രയിച്ച് കഴിയുന്ന ആയിരത്തിലധികം നെയ്ത്തു തൊഴിലാളികളുടെ വേതനവും മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്. 2022 മുതൽ കോർപറേഷനിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ റിട്ടയർമെന്റ് ആനുകൂല്യവും ഇതുവരെ നൽകിയിട്ടില്ല. അടിയന്തരമായി ഈ വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണാനുള്ള നടപടികൾ കൈക്കൊള്ളാൻ കെ. സുധാകരൻ എംപി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.