സുൽത്താൻ ബത്തേരി -അതിദാരിദ്ര വിമുക്ത നഗരസഭയായി പ്രഖ്യാപിച്ചു
1602181
Thursday, October 23, 2025 5:56 AM IST
സുൽത്താൻ ബത്തേരി: നഗരസഭയെ അതിദാരിദ്ര വിമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. നഗരസഭാ ഹാളിൽ നടന്ന പ്രഖ്യാപനചടങ്ങ് നഗരസഭ ചെയർപേഴ്സണ്‍ ടി.കെ. രമേശ് ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സണ്‍ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു.
നഗരസഭ പരിധിയിൽ ആകെ 124 അതിദാരിദ്ര കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ മരണപ്പെട്ടവരെ ഒഴിവാക്കി നിലവിൽ 92 ഗുണഭോക്താക്കൾ മാത്രമാണ് ഉള്ളത്. ഇവരിൽ ഒന്‍പത് ഗുണഭോക്താക്കൾക്ക് നഗരസഭ വീടുകൾ നൽകി.
16 ഗുണഭോക്താക്കൾക്ക് വീടുകളുടെ നവീകരണ സഹായം ലഭ്യമാക്കി. ഭവനരഹിതരും ഭൂമിയില്ലാത്തവരുമായവർക്ക് നഗരസഭ സ്ഥലം കണ്ടെത്തി വീടും സ്ഥലവും നൽകുന്നതിനുള്ള പദ്ധതികൾ തയാറാക്കിയിട്ടുണ്ട്.
വീടുകളുടെ നിർമാണം ഉടൻ ആരംഭിക്കും.ഇതിനുപുറമേ 65 ഗുണഭോക്താക്കൾക്ക് സ്ഥിരമായി ഭക്ഷണ കിറ്റുകൾ നൽകുകയും വസ്ത്രം, കിടക്ക, കന്പിളി, ഗ്യാസ് കണക്ഷൻ, വാക്കിംഗ് സ്റ്റിക്ക്, ബ്ലൈൻഡ് സ്റ്റിക്ക്, മരുന്നുകൾ, ഓണക്കിറ്റുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നഗരസഭ ഇതിനകം തന്നെ വിതരണം ചെയ്തിട്ടുണ്ട്.
ഒരു കോടി രൂപയിൽ അധികം തുകയാണ് ഇതുവരെ പദ്ധതികളായി വിനിയോഗിച്ചിട്ടുള്ളത്. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ സാലി പൗലോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ കെ. റഷീദ്, ഷാമില ജുനൈസ്, നഗരസഭാ സെക്രട്ടറി സൈനുദ്ദീൻ, നോഡൽ ഓഫീസർ അനൂപ്, അസിസ്റ്റന്റ് നോഡൽ ഓഫീസർ സജു പി. ഏബ്രഹാം, സിഡിഎസ് ചെയർപേഴ്സണ്‍ സുപ്രിയ അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.