പോലീസ് സ്മൃതി ദിനാചരണം: പരേഡ് നടത്തി
1602180
Thursday, October 23, 2025 5:56 AM IST
കൽപ്പറ്റ: പോലീസ് സ്മൃതിദിനം വയനാട്ടിൽ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് സേനാംഗങ്ങൾക്ക് ജില്ലാ പോലീസ് സ്മരണാഞ്ജലികളർപ്പിച്ചു.
ഡിഎച്ച്ക്യു ക്യാന്പിൽ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയുടെ നേതൃത്വത്തിൽ പരേഡ് നടന്നു. സ്മൃതി മണ്ഡപത്തിൽ ജില്ലാ പോലീസ് മേധാവി പുഷ്പചക്രം അർപ്പിച്ചു. രാജ്യത്ത് 2024 സെപ്റ്റംബർ ഒന്ന് മുതൽ 2025 ഓഗസ്റ്റ് 31 വരെ ഡ്യൂട്ടിക്കിടെ മരിച്ച 191 സേനാംഗങ്ങളുടെ പേര് വായിച്ച് ആദരാഞ്ജലിയർപ്പിച്ചു.
ജില്ലാ അഡീഷണൽ എസ്പി എൻ.ആർ. ജയരാജ്, ഡിവൈഎസ്പിമാരായ കെ.ജെ. ജോണ്സണ് (ഡിസിആർബി), എം.എം. അബ്ദുൾ കരീം(സ്പെഷൽ ബ്രാഞ്ച്), വി.കെ. വിശ്വംഭരൻ(മാനന്തവാടി സബ് ഡിവിഷൻ), കെ.കെ. അബ്ദുൾ ഷെരീഫ്(ബത്തേരി സബ് ഡിവിഷൻ),
പി.എൽ. ഷൈജു(കൽപ്പറ്റ സബ് ഡിവിഷൻ), വിവിധ സ്റ്റേഷനുകളിലെയും യൂണിറ്റുകളിലെയും ഇൻസ്പെക്ടർമാർ, മറ്റു പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സബ് ഇൻസ്പെക്ടർ ജോസ് ജോർജ് പരേഡ് കമാൻഡറായി.
1959ലെ ഇന്ത്യ-ചൈന തർക്കത്തിൽ ലഡാക്കിലെ ഹോട്ട് സ്പ്രിംഗിൽ പോലീസ് സേനാംഗങ്ങളെ കാണാതായിരുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിനിടെ 10 പോലീസുകാർ ചൈനീസ് സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇവരുടെ ഓർമയ്ക്കാണ് ഒക്ടോബർ 21ന് രാജ്യമെങ്ങും പോലീസ് സ്മൃതിദിനമായി ആചരിക്കുന്നത്.