രാസ ലഹരിയിൽ മകൻ മാതാപിതാക്കളേയും അമ്മൂമ്മയെയും മർദ്ദിച്ച് വീട്ടിൽനിന്ന് പുറത്താക്കിയതായി പരാതി
1536414
Tuesday, March 25, 2025 8:37 AM IST
മാനന്തവാടി: രാസ ലഹരി ഉപയോഗിച്ച മകൻ മാതാപിതാക്കളേയും അമ്മൂമ്മയെയും മർദ്ദിക്കുകയും വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തതായി പരാതി.
തവിഞ്ഞാൽ പഞ്ചായത്തിലെ വെണ്മണി കുന്നുംപുറത്ത് ടോമി, ഭാര്യ, 89 വയസുള്ള അമ്മൂമ്മ എന്നിവരേയാണ് ടോമിയുടെ മകൻ 31കാരനായ അനീഷ് രാസലഹരിയിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീട്ടിൽനിന്നു പുറത്താക്കിയത്. ഇതേ തുടർന്ന് വീട്ടിൽ കയറാൻ കഴിയാതെ പിതാവ് കഴിഞ്ഞ ഒരാഴ്ചയായി അന്തിയുറങ്ങുന്നത് വെണ്മണിയിലെ കടമുറിയിലാണ്. അമ്മയും അമ്മൂമ്മയും മരണഭയത്താൽ ഇപ്പോൾ താമസിക്കുന്നത് പാലക്കാടുള്ള ടോമിയുടെ മകളുടെ വീട്ടിലാണ്.
ഇത് സംബന്ധിച്ച് തലപ്പുഴ പോലീസിൽ പരാതി നൽകിയിട്ടും നീതി ലഭിച്ചില്ലെന്നും ടോമി പറഞ്ഞു. തന്റെ വീട്ടിൽ ഭയപ്പാട് ഇല്ലാതെ താമസിക്കാൻ അവസരം ഒരുക്കണമെന്നാണ് ടോമി ആവശ്യപ്പെടുന്നത്. എംഡിഎ ഉൾപ്പെടെ ഉപയോഗിക്കുന്ന മകൻ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തിരുന്നതായി ടോമി പറഞ്ഞു.