ഉരുൾപൊട്ടലിൽ സ്ക്കൂൾ നഷ്ടപ്പെട്ട വിദ്യാർഥികളെ കാത്തിരിക്കുന്നത് പുത്തൻ ക്ലാസ് മുറികൾ
1536403
Tuesday, March 25, 2025 8:36 AM IST
കൽപ്പറ്റ: ഉരുൾപൊട്ടലിൽ സ്കൂൾ നഷ്ടപ്പെട്ട വെള്ളാർമല ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്ക്കൂളിലെ വിദ്യാർഥികളെ അടുത്ത അധ്യയനത്തിൽ കാത്തിരിക്കുന്നത് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികൾ. കോണ്‍ട്രാക്ടർമാർ, ബിൽഡർമാർ, നിർമാണ മേഖലയുമായി ബന്ധപ്പട്ട മറ്റു സ്ഥാപനങ്ങൾ, പ്രഫഷണലുകൾ എന്നിവരുടെ സംഘടനയായ ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ബിഎഐ) യാണ് മൂന്ന് കോടി ചെലവഴിച്ച് ഇവർക്കായി പുതിയ ക്ലാസ് മുറികളും ടോയ്ലെറ്റുകളും നിർമിച്ചു നൽകുന്നത്.
ഉരുൾപൊട്ടൽ ദുരന്തത്തിനു ശേഷം വെള്ളാർമല ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്ക്കൂളിലെ എൽപി, യുപി, ഹൈസ്ക്കൂൾ, പ്ലസ്ടു വിഭാഗങ്ങളിലുള്ള 550 വിദ്യാർഥികളെ മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്ക്കൂളിലേക്ക് മാറ്റുകയായിരുന്നു. ഇവരെ മാറ്റിയ മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്ക്കൂളിലാണ് ഇവർക്കായി 12 ക്ലാസ് മുറികളും 16 ടോയ്ലെറ്റുകളും ബിഎഐ നിർമിച്ചു നൽകുന്നത്. എട്ട് ക്ലാസ് മുറികളുടെയും 10 ടോയ്ലെറ്റുകളുടെയും നിർമാണം ഈ മാസം പൂർത്തിയാവുമെന്ന് ബിഎഐ സംസ്ഥാന ചെയർമാൻ പി.എൻ. സുരേഷ് പറഞ്ഞു. നാല് ക്ലാസ് മുറികളുടെയും ആറ് ടോയ്ലെറ്റുകളുടെയും നിർമാണം ഏപ്രിൽ അവസാനത്തോടെ പൂർത്തിയാകും.
പരിമിതമായ സൗകര്യത്തിൽ മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്ക്കൂളിൽ പഠിക്കുന്ന വെള്ളാർമല ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്ക്കൂളിലെ എൽപി, യുപി, ഹൈസ്ക്കൂൾ വിഭാഗങ്ങളിലെ 460 വിദ്യാർഥികൾക്കും പ്ലസ് ടു വിഭാഗത്തിലെ 90 വിദ്യാർഥികൾക്കും പുതിയ ക്ലാസ് മുറികൾ സഹായകമാവും.
വെള്ളാർമല ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്ക്കൂളിൽ ഒന്നാം ക്ലാസു മുതൽ പത്താം ക്ലാസു വരെ 17 ഡിവിഷനുകളും പ്ലസ്ടുവിന് നാല് ഡിവിഷനുകളുമാണുള്ളത്.
ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ രണ്ട് കോടി ചെലവഴിച്ച് വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളിലെ 150 വിദ്യാർഥികൾക്കായി ഹോസ്റ്റലും നിർമിച്ചു നൽകും. എഴുപത്തിയഞ്ച് പെണ്‍കുട്ടികൾക്കും 75 ആണ്‍കുട്ടികൾക്കുമായാണ് ഹോസ്റ്റൽ സൗകര്യം ഒരുക്കുക. ഷട്ടിൽ കോർട്ട്, വോളിബോൾ കോർട്ട്, ഓപ്പണ്‍ ജിംനേഷ്യം ഉൾപ്പടെ അത്യാധുനിക സൗകര്യങ്ങളോടെയാണ് ഹോസ്റ്റൽ നിർമിച്ചു നൽകുക.
ഹോസ്റ്റലിനായി സർക്കാർ സ്ഥലം ലഭ്യമാക്കുന്നതിനനുസരിച്ച് നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുമെന്നും ബിഎഐ സംസ്ഥാന ചെയർമാൻ പിഎൻ സുരേഷ് പറഞ്ഞു.