റിസർവേഷൻ സൗകര്യം പുനഃസ്ഥാപിക്കണം: എഐവൈഎഫ്
1536078
Monday, March 24, 2025 6:07 AM IST
മാനന്തവാടി: കെഎസ്ആർടിസി മാനന്തവാടി ഡിപ്പോയിലെ റിസർവേഷൻ കൗണ്ടർ പൂട്ടിയ തീരുമാനം പിൻവലിക്കണമെന്ന് എഐവൈഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഒട്ടുമിക്ക ഡിപ്പോകളിലും കൗണ്ടർ പ്രത്യേകമായി ജീവനക്കാരെ നിയമിക്കാതെ ഡാറ്റ എൻട്രിക്കാരോ ടിക്കറ്റ് ആൻഡ് കാഷ് വിഭാഗമോ ആണ് റിസർവേഷന്റെ ചുമതലയും നിർവഹിക്കുന്നത്.
കൗണ്ടർ പ്രവർത്തിക്കുന്നത് കൊണ്ട് കഐസ്ആർടിസിക്ക് അധിക ബാധ്യത വരുന്നില്ല എന്നിരിക്കെ ധൃതിപിടിച്ചെടുത്ത തീരുമാനം ജനങ്ങൾക്ക് ദുരിതമാകുകയാണ്. ബുക്കിംഗ് കുറവായതിനാലാണ് കൗണ്ടറുകൾ പൂട്ടുന്നതെന്ന് ഉത്തരവിൽ പറയുന്നു. ഇത് അംഗീകരിക്കാൻ കഴിയില്ല.
കെഎസ്ആർടിസിയുടെ വിവിധ പാസുകൾ ഉപയോഗിക്കുന്നവരെയും സ്ഥിരമായി ഡിപ്പോകളിലെ കേന്ദ്രങ്ങൾ ഉപയോഗിക്കുന്ന മുതിർന്ന പൗരൻമാർ അടക്കമുള്ളവരെയും വലയ്ക്കുന്നതാണു പുതിയ ഉത്തരവ്.
മാനന്തവാടിക്കാർക്ക് പാസ് ഉപയോഗിച്ചുള്ള റിസർവേഷനുകൾക്കടക്കം ഇനി കിലോമീറ്ററുകൾക്കപ്പുറമുള്ള ബത്തേരിയെയും കൽപ്പറ്റയേയും ആശ്രയിക്കേണ്ടി വരും. ഇത്തരം ജനവിരുദ്ധ തിരുമാനത്തിൽ നിന്ന് കെഎസ്ആർടിസി പിൻമാറിയില്ലെങ്കിൽ ശക്തമായ ജനകീയ സമരത്തിന് എഐവൈഎഫ് നേതൃത്വം നൽകുമെന്ന് എഐവൈഎഫ് ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നൽകി.
യോഗത്തിൽ ജില്ലപ്രസിഡന്റ് എം.സി. സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി നിഖിൽ പദ്മനാഭൻ, കെ.ബി. അജേഷ്, എസ്. സൗമ്യ്, റഹീം, രജീഷ് കെ. വിൻസെന്റ്, പി. ജെസ്മൽ അമീർ തുടങ്ങിയവർ പ്രസംഗിച്ചു.