നിരോധിത പുകയില ഉത്പന്നങ്ങളുടെ മൊത്തക്കച്ചവടക്കാരൻ പിടിയിൽ
1535632
Sunday, March 23, 2025 5:06 AM IST
സുൽത്താൻ ബത്തേരി: നിരോധിത പുകയില ഉത്പന്നങ്ങളുടെ മൊത്തക്കച്ചവടക്കാരൻ എക്സൈസ് പിടിയിലായി. ദീർഘകാലമായി മാനിവയലിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി അശോകിനെയാണ്(45) എക്സൈസ് ഇൻസ്പെക്ടർമാരായ പി. ബാബുരാജ്, വി.കെ. മണികണ്ഠൻ, പ്രിവന്റീവ് ഓഫീസർ ജി. അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർ നിക്കോളാസ് ജോസ്, പ്രിവന്റീവ് ഓഫീസർ ഡ്രൈവർ കെ.കെ. ബാലചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
പ്രതിയുടെ വസതിയിൽ നടത്തിയ പരിശോധനയിൽ 85 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. കൊളഗപ്പാറയിലെ പാഴ്സൽ സർവീസ് കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് സ്വദേശിയുടെ പേരിൽ എത്തിയ പാഴ്സലിൽ ലഹരിവസ്തു സാന്നിധ്യം സംശയിച്ച ജീവനക്കാർ വിവരം എക്സൈസ് ഓഫീസിൽ അറിയിച്ചതാണ് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തുന്നതിന് സഹായകമായത്.
പാഴ്സലിൽ നിരോധിത പുകയില ഉത്പന്നങ്ങളാണെന്നു കണ്ട എക്സൈസ് സംഘം ഉത്തർപ്രദേശുകാരന്റെ താമസസ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. പ്രതി നിരോധിത പുകയില ഉത്പന്നങ്ങളുടെ മൊത്തക്കച്ചവടക്കാരാനാണെന്നു സ്ഥിരീകരിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ലഹരിവസ്തുക്കൾ ഓണ്‍ലൈനിൽ കടത്തുന്നതു തടയുന്നതിന് പാഴ്സൽ സർവീസ് കേന്ദ്രങ്ങളിൽ പരിശോധന നടത്തുമെന്ന് അവർ പറഞ്ഞു.