ദുരന്തബാധിതരെ പുനരധിവസിപ്പിക്കാതെ സർക്കാർ രാഷ്ട്രീയം കളിക്കുന്നു: ജെബി മേത്തർ എംപി
1515384
Tuesday, February 18, 2025 4:17 AM IST
മേപ്പാടി: വയനാട് ദുരന്തബാധിതരെ പുനരധിവസിപ്പിക്കാതെ സർക്കാർ മനപ്പൂർവം രാഷ്ട്രീയം കളിക്കുകയാണെന്ന് മഹിള കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി കുറ്റപ്പെടുത്തി.
പ്രാദേശിക ഭരണകൂടവും എംഎൽഎയും എംപിയും യുഡിഎഫ് പക്ഷത്ത് നിൽക്കുന്നതു കൊണ്ടാണ് ഈ ദ്രോഹം. പുനരധിവാസത്തിനുള്ള ഭൂമി ഏറ്റെടുക്കാനോ വീടുകളുടെ നിർമാണം തുടങ്ങാനോ ആറുമാസം പിന്നിട്ടിട്ടും കഴിഞ്ഞിട്ടില്ല. വാടക നൽകുമെന്ന വാഗ്ദാനം പാലിച്ചില്ല. പ്രതിമാസം 9000 രൂപ അലവൻസ് നൽകുന്നത് നിർത്തിവച്ചിരിക്കുകയാണ്.
പുനരധിവാസത്തിന് ജനങ്ങൾ നൽകിയ 800 കോടി രൂപ ഏതെല്ലാം പദ്ധതികൾക്കാണ് ചെലവിട്ടതെന്നും സർക്കാർ വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. മൂപ്പൈനാട്, മേപ്പാടി, മുട്ടിൽ, കണിയാന്പറ്റ, കോട്ടത്തറ, കൽപ്പറ്റ എന്നിവിടങ്ങളിൽ നടന്ന സ്വീകരണ യോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അവർ. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, ടി. സിദ്ദിഖ് എംഎൽഎ, എഐസിസി അംഗം നെയ്യാറ്റിൻകര സനൽ, കെപിസിസി സെക്രട്ടറി ടി.എ. ഐസക്, കെപിസിസി സെക്രട്ടറി ഐ.കെ. രാജു, കെപിസിസി അംഗം പി.പി. ആലി, കഐസ്യു ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ് എന്നിവർ വിവിധ സ്വീകരണ യോഗങ്ങൾ ഉദ്ഘാടനം ചെയ്തു. മഹിള കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി കെ. തോമസ്, സംസ്ഥാന ഭാരവാഹികളായ ആർ. ലക്ഷ്മി, ജയലക്ഷ്മി ദത്തൻ, കെ. ബേബി എന്നിവർ പ്രസംഗിച്ചു.