പുഞ്ചിരിമട്ടം ദുരന്തം: 87 വിദ്യാർഥികൾക്ക് സേവാഭാരതി സ്കോളർഷിപ്പ് നൽകുന്നു
1512002
Friday, February 7, 2025 5:30 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്ത ബാധിത കുടുംബങ്ങളിൽനിന്നുള്ള 87 വിദ്യാർഥികൾക്ക് സേവാഭാരതി സ്കോളർഷിപ്പ് നൽകുന്നു. ഇത്രയും വിദ്യാർഥികൾക്ക് കോഴ്സിനു തുല്യമായ തുകയാണ് തഞ്ചാവൂർ ശാസ്ത്ര സർവകലാശാലയുടെ വിദ്യാദർശൻ പരിപാടിയിൽ ഉൾപ്പെടുത്തി സ്കോളർഷിപ്പായി ലഭ്യമാക്കുന്നതെന്ന് സേവാഭാരതി വയനാട് ഘടകം പ്രസിഡന്റ് കെ. സത്യൻ നായർ, വൈസ് പ്രസിഡന്റ് എം.ഡി. ശ്യാമള, ജനറൽ സെക്രട്ടറി നീതു ജയ്സൺ, ജില്ലാ കമ്മിറ്റിയംഗം മനോജ് പിലാക്കാവ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സേവാഭാരതിയുടെ സേവാമിത്രം ടീമാണ് ദുരന്തമേഖലയിൽനിന്നുള്ള കുടുംബങ്ങളിൽ സന്ദർശനം നടത്തി ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. സ്കോളർഷിപ്പ് വിതരണം ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12ന് മേപ്പാടി എംഎസ്എ ഹാളിൽ ശാസ്ത്ര യൂണിവേഴ്സിറ്റി വൈസ് ചാൻസലർ എസ്. വൈദ്യസുബ്രഹ്മണ്യം നിർവഹിക്കും. സേവാഭാരതി കേരള ഘടകം പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി അധ്യക്ഷത വഹിക്കും.
ആർഎസ്എസ് പ്രചാരകൻ എസ്. സേതുമാധവൻ, മീനങ്ങാടി നരനരായണാശ്രമത്തിലെ ഹംസാനന്ദപുരി സ്വാമികൾ, മേപ്പാടി സിഎസ്ഐ ഹോളി ഇമ്മാനുവൽ പള്ളിയിലെ റവ.പി.വി. ചെറിയാൻ, മുട്ടിൽ വിവേകാനന്ദ മെഡിക്കൽ മിഷൻ ചീഫ് മെഡിക്കൽ ഓഫീസർ പദ്മശ്രീ ധനജ്ഞയ് സഖ്ദേവ്, ആർഎസ്എസ് ജില്ലാ സഹസംഘചാലക് ജഗന്നാഥകുമാർ, ക്ഷേത്രീയ സേവാപ്രമുഖ് രവികുമാർ,
സേവാഭാരതി കേരള ഘടകം വൈസ് പ്രസിഡന്റ് ഡോ. അഞ്ജലി ധനജ്ഞയൻ, ജനറൽ സെക്രട്ടറി ഡോ. ശ്രീറാം ശങ്കർ, ബത്തേരി മഹാഗണപതി ക്ഷേത്രം പ്രസിഡന്റ് കെ.ജി. ഗോപാലപിള്ള തുടങ്ങിയവർ പങ്കെടുക്കും. സ്കോളർഷിപ്പിന് തെരഞ്ഞെടുത്തതിൽ 77 പേർ പ്രഫഷണൽ കോഴ്സ് പഠിതാക്കളാണ്.