ജീവനക്കാരിൽ 62 ശതമാനം പണിമുടക്കിൽ പങ്കെടുത്തതായി സെറ്റോ
1507731
Thursday, January 23, 2025 5:43 AM IST
കൽപ്പറ്റ: ജില്ലയിൽ ജീവനക്കാരിൽ 62 ശതമാനം പണിമുടക്കിൽ പങ്കെടുത്തതായി സെറ്റോ ഭാരവാഹികൾ അറിയിച്ചു. സർക്കാരിന്റെ അവകാശ നിഷേധങ്ങളിലുള്ള പ്രതിഷേധം പണിമുടക്കിൽ പ്രതിഫലിച്ചു.
സിവിൽ സ്റ്റേഷനിൽ ജോലിക്ക് കുറഞ്ഞ ജീവനക്കാരാണ് ഹാജരായത്. മാനന്തവാടി, സുൽത്താൻ ബത്തേരി, വൈത്തിരി താലൂക്ക് കാര്യാലയങ്ങളിൽ ദൈനംദിന പ്രവർത്തനം തടസപ്പെട്ടു. ജില്ലയിലെ ഭൂരിഭാഗം വിദ്യാലയങ്ങളിലും അധ്യാപകർ പണിമുടക്കിയെന്നും സെറ്റോ ഭാരവാഹികൾ പറഞ്ഞു.
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, കുടിശികയായ 19 ശതമാനം ക്ഷാമബത്ത അനുവദിക്കുക, ശന്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുക, ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പണിമുടക്ക്.
പണിമുടക്കിയ ജീവനക്കാർ വിവിധ കേന്ദ്രങ്ങിൽ പ്രകടനവും യോഗവും നടത്തി. കൽപ്പറ്റയിൽ പ്രകടനത്തിന് ടി. അജിത്ത്കുമാർ, സി.കെ. ജിതേഷ്, എം.ജി. അനിൽകുമാർ, കെ. ചിത്ര, ലൈജു ചാക്കോ, എൻ.വി. അഗസ്റ്റിൻ, അൻവർ സാദത്ത്, കെ. സുബ്രഹ്മണ്യൻ, സിനീഷ് ജോസഫ്, ബെൻസി ജേക്കബ്, ടി. ശശിധരക്കുറുപ്പ്, എം.വി. സതീഷ്, ടി. പരമേശ്വരൻ, നിഷ മണ്ണിൽ തുടങ്ങിയവർ നേതൃത്വം നൽകി.
യോഗം കെജിഒയു സംസ്ഥാന ട്രഷറർ ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സെറ്റോ ജില്ലാ ചെയർമാൻ മോബിഷ് പി. തോമസ് അധ്യക്ഷത വഹിച്ചു. പി.എസ്. ഗിരീഷ്കുമാർ, കെ.ടി. ഷാജി, കെ.ആർ. ബിനീഷ്കുമാർ, റോണി ജേക്കബ്, പി. സഫ്വാൻ , കബീർ കുന്നന്പറ്റ, യു. വിജേഷ്, പി.ജെ. ഷൈജു എന്നിവർ പ്രസംഗിച്ചു.
വില്ലേജ് ഓഫീസ് തുറക്കാത്തതിൽ പ്രതിഷേധം
പുൽപ്പള്ളി: സർക്കാർ ജീവനക്കാരുടെ സൂചനാ പണിമുടക്കിനെ തുടർന്ന് പുൽപ്പള്ളി വില്ലേജ് ഓഫീസ് തുറക്കാതിരുന്നത് പ്രതിഷേധത്തിനിടയാക്കി. ജീവനക്കാർ എത്താതിരുന്നതിനാൽ ഇന്നലെ വില്ലേജ് ഓഫീസ് തുറന്നില്ല.
രാവിലെ മുതൽ വിവിധ ആവശ്യങ്ങൾക്കായി വില്ലേജ് ഓഫീസിലെത്തിയവർ പൂട്ടിയിട്ടിരുന്ന ഗേറ്റിന് പുറത്ത് ഏറെ നേരംകാത്തുനിന്ന ശേഷമാണ് മടങ്ങിയത്. ഓഫീസ് തുറക്കാത്തതിനെതിരേ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയതോടെ ഉച്ചയോടെ വില്ലേജ് ഓഫീസ് തുറക്കാൻ അധികൃതർ തയാറായി.