ക്രിസ്മസിനെ വരവേൽക്കാൻ തയാറായി വിപണി
1483985
Tuesday, December 3, 2024 4:56 AM IST
പുൽപ്പള്ളി: ഡിസംബർ ആരംഭിച്ചതോടെ പുൽപ്പള്ളി മേഖലയിൽ ക്രിസ്മസ് വിപണി സജീവമായി. നക്ഷത്രങ്ങൾ, ക്രിസ്മസ് ട്രീ, പുൽക്കൂട് എന്നിങ്ങനെ ക്രിസ്മസുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്കാവശ്യമായ എല്ലാവിധ സാധനസാമഗ്രികളും വിപണിയിൽ എത്തിക്കഴിഞ്ഞു.
നക്ഷത്രങ്ങളാണ് മുൻവർഷങ്ങളിലെപോലെ ഇത്തവണയും വിപണിയിലെ താരങ്ങൾ. എൽഇഡി, പേപ്പർ നക്ഷത്രങ്ങൾ ഉൾപ്പെടെ പുതിയ മോഡലുകളടക്കം ഇത്തവണ വിപണിയിലെത്തികഴിഞ്ഞു. 200 രൂപ മുതൽ 2000 രൂപ വരെയുള്ള നക്ഷത്രങ്ങളാണ് ഇത്തവണ വിപണിയിലെത്തിയിട്ടുള്ളത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ക്രിസ്മസ് വിപണിയിൽ മികച്ച കച്ചവടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
കുടിയേറ്റമേഖലയിൽ ഭൂരിഭാഗം വീടുകൾക്ക് മുന്പിലും നക്ഷത്രങ്ങൾ കാണാനാവും. അതോടൊപ്പം ആരാധനാലയങ്ങളിൽ ഉൾപ്പെടെ നക്ഷത്രങ്ങളും പുൽക്കൂടുകളുമെല്ലാം ഒരുക്കാൻ ആരംഭിക്കുന്നതോടെ വിപണി കൂടുതൽ സജീവമാകുമെന്നാണ് വ്യാപാരികൾ പറയുന്നത്.