വയനാട്ടിൽ റീജിയണൽ പാസ്പോർട്ട് ഓഫീസ് സ്ഥാപിക്കണം: പ്രിയങ്ക ഗാന്ധി
1466291
Monday, November 4, 2024 12:18 AM IST
കോറോം(വയനാട്): വയനാട്ടിൽ റീജിയണൽ പാസ്പോർട്ട് ഓഫീസ് സ്ഥാപിക്കണമെന്ന് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. കോറോത്ത് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. റീജിയണൽ പാസ്പോർട്ട് ഓഫീസ് ജനങ്ങൾ ദീർഘകാലമായി ആവശ്യപ്പെടുന്ന ഒന്നാണെന്നു അറിയാമെന്ന് പ്രിയങ്ക പറഞ്ഞു.
തൊണ്ടർനാട് അടക്കം പ്രദേശങ്ങളിൽ രോഗികളെ കിടത്തിച്ചികിത്സിക്കുന്ന കൂടുതൽ ആശുപത്രികൾ ഉണ്ടാകണം. നാദാപുരം-വിലങ്ങാട് റോഡ് നവീകരിക്കണം. വയനാട്ടിലെ വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിന് ദിവസം 25 കിലോമീറ്ററിലധികം സഞ്ചരിക്കുന്ന സാഹചര്യം ഒഴിവാകണം.
വയനാട്ടിലെ വിനോദ സഞ്ചാരസാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് പദ്ധതികൾ നടപ്പാകണം. മൂന്നാറിനെയും ഉൗട്ടിയുംകുറിച്ച് പറയുന്നതുപോലെ ആളുകൾ വയനാടിനെപ്പറ്റിയും സംസാരിക്കണം. കായിക മേഖലയിൽ വളരെയധികം വികസനങ്ങൾ കൊണ്ടുവരേണ്ടതുണ്ട്.
കാർഷിക മേഖലയെ ശക്തിപ്പെടുത്തി തൊഴിലവസരങ്ങൾ ഉണ്ടാക്കുന്നതിൽ കേന്ദ്ര സർക്കാരിനു താത്പര്യമില്ല. കർഷകർക്ക് സർക്കാർ മതിയായ പരിഗണന നൽകുന്നില്ല. കൃത്യമായി ഇൻഷ്വറൻസ് പ്രീമിയം അടച്ചിട്ടും വിളനാശത്തിനു യഥാസമയം നഷ്ടപരിഹാരം അനുവദിക്കുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു.
ടി. മൊയ്തു അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എംഎൽഎ, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, കെ. എൽ. പൗലോസ്, സി.പി. കൃഷ്ണൻ, പ്രമോദ്, സി. അബ്ദുൾ അഷ്റഫ്, സുനിൽ, അബ്ദുള്ള കേളോത്ത്, ടോമി മക്കിയാട്, ആലിക്കുട്ടി ആറങ്ങാടൻ, എം. മുസ്തഫ, കുസുമം, ആമിന സത്താർ, ടി.ജി. ജോണി എന്നിവർ പ്രസംഗിച്ചു.