ഫാന്റസി സയൻസ് ഫിക്ഷൻ മ്യൂസിക് വീഡിയോയുമായി കൃഷ്ണ സംപ്രീത്
1466104
Sunday, November 3, 2024 5:56 AM IST
കൽപ്പറ്റ: വയനാടിന്റെ ദൃശ്യഭംഗിയിൽ ചിത്രീകരിച്ച ഫാന്റസി സയൻസ് ഫിക്ഷൻ മ്യൂസിക് വീഡിയോയുമായി യുവസംവിധായകനും നിർമാതാവുമായ കൃഷ്ണ സംപ്രീത്.
വീഡിയോ പുറത്തിറക്കാനുള്ള അവസാനഘട്ട തയാറെടുപ്പിലാണ് സംപ്രീതും സംഘവും. ആഗ്രഹിച്ച മനുഷ്യനായി മാറാനുള്ള അപൂർവയാത്രയാണ് മ്യൂസിക്കൽ വീഡിയോയുടെ ആശയം. ജീവിതത്തിന്റെ അർത്ഥതലങ്ങൾ തേടിയുള്ള യാത്രയിലെ ഓരോ ചുവടും ആകാംക്ഷ നിറയ്ക്കുന്നതാണെന്നു സംപ്രീത് പറയുന്നു.
2019ൽ പഠനകാലത്ത് തയാറാക്കിയ കോട്ടയം സിഎംഎസ് കോളജിനെക്കുറിച്ചുള്ള ഇൻസ്റ്റഗ്രാം റീൽസാണ് മ്യൂസിക്കൽ വീഡിയോ പുറത്തിറക്കാൻ കരണി സ്വദേശിയായ സംപ്രീതിനു പ്രചോദനമായത്. മനസിൽ തോന്നിയ ആശയം വിപുലീകരിച്ചു. മലയാളം,കന്നഡ സിനിമകളിൽ മ്യൂസിക്ക് ഡയറക്ടറായി പ്രവർത്തിച്ച ജുബൈർ മുഹമ്മദിനു മുന്നിൽ ആശയം അവതരിപ്പിച്ചു. ചെയ്യാമെന്ന മറുപടി ലഭിച്ചു.
ഗാനരചയിതാവ് ജോ പോൾ ആശയങ്ങളെ വരികളാക്കി. 2019 പകുതിയോടെ മ്യൂസിക് വർക്ക് ആരംഭിച്ചെങ്കിലും കൊറോണ തടസമായി. പിന്നീട് മറ്റു ജോലികൾക്കിടിയിലും മ്യൂസിക്കൽ വീഡിയോയുമായി ബന്ധപ്പെട്ട പ്രവർത്തനം തുടർന്നു. 2025ൽ മ്യൂസിക്കൽ വീഡിയോ പുറത്തിറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ-സംപ്രീത് പറഞ്ഞു.
രാജ്മൗലിയുടെ ബാഹുബലിയിലും മഗധീരയിലുമുൾപ്പെടെ 50ൽഅധികം സിനിമകൾക്ക് വിഷ്വൽ ഇഫക്ട് ചെയ്ത മാനന്തവാടി സ്വദേശി പി.സി. സനത്താണ് മ്യൂസിക്കൽ വീഡിയോയുടെ വിഎഫ്എക്സ് അഡ്വൈസർ. ഛായാഗ്രഹണം: ജോണ് ജെസ്ലിൻ, അഖിൻ ശ്രീധർ. എഡിറ്റർ: അർജുൻ. സഹ എഴുത്തുകാരൻ: കെ.എസ്. ആയുശ്,
കലാസംവിധാനം: ആഷിഫ് ഇടയാടൻ. സഹ കലാസംവിധാനം: അമലേഷ്, പ്രൊഡക്ഷൻ കണ്ട്രോളർ: അഞ്ജു വിജയൻ. വസ്ത്രാലങ്കാരം: വിന്നി ഫ്രാൻസിസ്, വിദ്യ എന്നിവരാണ് പിന്നണിയിൽ. ഗൗതമി കൗർ, നീൽ, സാന്ധ്യ ആൻ നായർ, മാധുരി എന്നിവരാണ് അഭിനേതാക്കൾ. ബിന്ദു അനിലാണ് ഗാനം ആലപിച്ചത്.