ദുരന്തബാധിതർക്ക് ദിവസം 300 രൂപവീതം നൽകുന്നത് നീട്ടാൻ കേന്ദ്രസർക്കാർ അനുവദിക്കണമെന്ന്
1461189
Tuesday, October 15, 2024 1:55 AM IST
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് ഉപജീവനമാർഗമായി ദിവസം 300 രൂപവീതം നൽകുന്നത് രണ്ടുമാസത്തേക്കുകൂടി നീട്ടാൻ കേന്ദ്രസർക്കാർ അനുവാദം നൽകണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ഇതിനകം സംസ്ഥാന സർക്കാർ 1694 പേർക്ക് 30 ദിവസത്തേക്ക് 300 രൂപവീതം നൽകി. 1.52 കോടി രൂപയാണ് ഈ ഇനത്തിൽ വിനിയോഗിച്ചത്. സംസ്ഥാന ദുരന്തനിവാണ നിയമപ്രകാരം ഒരുമാസത്തേക്ക് സഹായം നൽകാനേ സംസ്ഥാനത്തിന് അധികാരമുള്ളൂ.
മൂന്ന് മാസത്തേക്ക് ഈ സഹായം നൽകാൻ അനുവാദം വേണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം ഇതുവരെ കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ല. ദുരന്തബാധിതരുടെ പുനരധിവാസത്തിനുൾപ്പെടെ എത്രയുംവേഗം പ്രത്യേകധനസഹായം അനുവദിക്കണമെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.