തരിയോട് ജിഎൽപി സ്കൂളിൽ ഔഷധസസ്യ പ്രദർശനം നടത്തി
1460931
Monday, October 14, 2024 5:20 AM IST
കാവുംമന്ദം: തരിയോട് ഗവ.എൽപി സ്കൂളിൽ "ഇലപ്പെരുമ-2024’ എന്ന പേരിൽ ഔഷധസസ്യ പ്രദർശനം നടത്തി. മരൾ, ചന്ദ്രവല്ലി, വെള്ളോടൽ ഉൾപ്പെടെ വിദ്യാർഥികൾ ശേഖരിച്ച 200 ഓളം ഇനം ഔഷധസസ്യങ്ങളാണ് പ്രദർശിപ്പിച്ചത്.
പൊതുജനം പലപ്പോഴും അവഗണിക്കുന്ന സസ്യങ്ങളിൽ പലതും ഔഷധഗുണമുള്ളവയാണെന്ന തിരിച്ചറിവ് കുട്ടികളിൽ ഉളവാക്കാൻ പ്രദർശനം ഉതകി. സ്കൂളിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് പ്രദർശനം സംഘടിപ്പിച്ചത്.
തരിയോട് പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് ആന്റണി അധ്യക്ഷത വഹിച്ചു.
’ഔഷധസസ്യങ്ങളും ഉപയോഗവും’ എന്ന വിഷയത്തിൽ ഡോ. അഞ്ജുഷ വിദ്യാർഥികളുമായി സംവദിച്ചു. എസ്എംസി ചെയർമാൻ ബി. സലിം, എംപിടിഎ പ്രസിഡന്റ് രാധിക ശ്രീരാഗ് എന്നിവർ പ്രസംഗിച്ചു. പ്രധാനാധ്യാപിക ബിന്ദു തോമസ് സ്വാഗതവും സീനിയർ അസിസ്റ്റന്റ് പി. ശശികുമാർ നന്ദിയും പറഞ്ഞു. ക്ലാസ്തല പ്രദർശനത്തിലെ വിജയികൾക്ക് സമ്മാനം നൽകി.