കേന്ദ്ര സഹായം: ദുരന്തബാധിതരുടെ സത്യഗ്രഹം ഏഴിന്
1458835
Friday, October 4, 2024 5:02 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്ത ബാധിതർ എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏഴിന് രാവിലെ ഒൻപത് മുതൽ ഉച്ചവരെ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ സത്യഗ്രഹം നടത്തും.
ഉരുൾ ദുരന്തം ഉണ്ടായി രണ്ടുമാസം പിന്നിട്ടിട്ടും കേന്ദ്ര സഹായം അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. ദുരന്തബാധിതർ ഉൾപ്പെടെ ആയിരത്തിലേറെ പേർ പങ്കെടുക്കും.
പ്രധാനമന്ത്രി ദുരന്തബാധിത പ്രദേശങ്ങൾ നേരിൽക്കണ്ടിട്ടും ജില്ലയെ അവഗണിക്കുകയാണെന്ന് എൽഡിഎഫ് ജില്ലാ കണ്‍വീനർ സി.കെ. ശശീന്ദ്രൻ പറഞ്ഞു.
ദുരന്തമുഖത്തും മനുഷ്യത്വരഹിതമായി കേന്ദ്രം രാഷ്ട്രീയ വിവേചനം പുലർത്തുകയാണ്. കഴിഞ്ഞദിവസം ദേശീയ ദുരന്ത പ്രതികരണ നിധിയിയിൽനിന്നു വിഹിതം അനുവദിച്ച് പുറത്തിറക്കിയ പട്ടികയിൽ പുഞ്ചരിമട്ടം ദുരന്തം പരിഗണിച്ചില്ല. ഓഗസ്റ്റ് ഒൻപതിന് കേന്ദ്ര സംഘം ദുരന്തമേഖല സന്ദർശിച്ച് നഷ്ടത്തിന്റെ വ്യാപ്തി വിലയിരുത്തിയതാണ്.
ഓഗസ്റ്റ് 17ന് 1,202 കോടിയുടെ പ്രാഥമിക സഹായത്തിനുള്ള നിവേദനം സംസ്ഥാനം കേന്ദ്രത്തിന് സമർപ്പിച്ചു. ജില്ലയിലുണ്ടായ ദുരന്തത്തിനുശേഷം പ്രളയം ബാധിച്ച ആന്ധ്രപ്രദേശ്, തെലുങ്കാന, ത്രിപുര, സിക്കിം, ആസാം സംസ്ഥാനങ്ങൾക്ക് അടിയന്തര സഹായം നൽകിയിട്ടും കേരളത്തോട് അവഗണന തുടരുകയാണ്. സത്യഗ്രഹം വിജയിപ്പിക്കണമെന്നു എൽഡിഎഫ് ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു