മൂന്നു സ്കൂൾ കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയായി
1458827
Friday, October 4, 2024 5:02 AM IST
കൽപ്പറ്റ: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിലുൾപ്പെടുത്തി വിദ്യാകിരണം മിഷന്റെ ഭാഗമായി ജില്ലയിൽ മൂന്ന് വിദ്യാലയങ്ങളുടെ കെട്ടിട നിർമാണം കൂടി പൂർത്തിയായി. പനമരം, മേപ്പാടി ഹയർ സെക്കൻഡറി സ്കൂളുകളിലും മാനന്തവാടി യുപി സ്കൂളിലുമാണ് കെട്ടിടം പണി പൂർത്തിയായത്.
ഇവയുടെ ഉദ്ഘാടനം നാളെ രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനായി നിർവഹിക്കും. ചീരാൽ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിനു നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിക്കും. കിഫ്ബി പദ്ധതിയിൽ മൂന്നു കോടി ചെലവിലാണ് പനമരം ഗവ. ഹയർസെക്കൻഡറി സ്കൂളിനു കെട്ടിടം നിർമിച്ചത്.
അഞ്ച് ക്ലാസ് മുറികൾ, കംപ്യൂട്ടർ ലാബ്, ഡൈനിംഗ് ഹാൾ, വർക്ക് ഏരിയ, ശുചിമുറികൾ എന്നിവ കെട്ടിടത്തിലുണ്ട്. 1.33 കോടി രൂപയാണ് മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട നിർമാണത്തിന് ചെലവഴിച്ചത്. ആറ് ക്ലാസ് മുറികളാണ് കെട്ടിടത്തിൽ. മാനന്തവാടി ഗവ.യുപി സ്കൂളിന് ഒരു കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിൽ ആറ് ക്ലാസ് മുറികൾ, ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും പ്രത്യേകം ടോയ്ലെറ്റ് ബ്ലോക്കുകൾ എന്നിവ ഉൾപ്പെടും.
3.9 കോടി രൂപ ചെലവിലാണ് ചീരാൽ ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിനു കെട്ടിടം പണിയുന്നത്. ഒൻപത് ക്ലാസ് മുറികൾ, ഓഫീസ് റൂം, സ്റ്റാഫ് റൂം, ലബോറട്ടറികൾ, ലൈബ്രറി, റീഡിംഗ് റൂം, ടോയ്ലെറ്റ് ബ്ലോക്കുകൾ എന്നിവ കെട്ടിടത്തിന്റെ ഭാഗമാണ്.