പുഞ്ചിരിമട്ടം ദുരന്തം : കുടുംബങ്ങൾക്ക് രണ്ടുകോടി രൂപ വീതം നൽകി പുനരധിവാസം പൂർത്തിയാക്കണം: കെ.എൽ. പൗലോസ്
1454086
Wednesday, September 18, 2024 5:26 AM IST
കൽപ്പറ്റ: ഉരുൾപൊട്ടൽ രക്ഷാ-ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള ചെലവ് സർക്കാർ കണക്കാക്കിയതുപ്രകാരമെങ്കിൽ സർവവും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് രണ്ടുകോടി രൂപ വീതം നൽകി പുനരധിവാസം പൂത്തിയാക്കുന്നതാകും ഉത്തമമെന്ന് കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.എൽ. പൗലോസ് പറഞ്ഞു.
ദുരന്തത്തിനു ഇരകളായതിൽ 500 ഓളം കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടത്. ഓരോ കുടുംബത്തിനും രണ്ടു കോടി രൂപ വീതം നൽകിയാൽത്തന്നെ പുനരധിവാസച്ചെലവ് 1,000 കോടി രൂപയിൽ ഒതുങ്ങും.
ഓരോ കുടുംബത്തിനും ഇഷ്ടമുള്ള സ്ഥലം വാങ്ങാനും ആഗ്രഹിക്കുന്ന മാതൃകയിൽ വീട് പണിയാനും ജീവിതമാർഗം തേടാനും ഈ തുക പര്യാപ്തമാണ്. പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തമുണ്ടായപ്പോൾ രക്ഷാ-ദുരിതാശ്വാസ പ്രവർത്തനത്തിനു നാട് ഒന്നിച്ചിറങ്ങി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു ആംബുലൻസുകളും മണ്ണുമാന്തി യന്ത്രങ്ങളും സൗജന്യ സേവനത്തിനു എത്തി.
രക്ഷാപ്രവർത്തകർക്കും ദുരന്തബാധിതർക്കും വിവിധ സംഘടനകൾ ദിവസങ്ങളോളം ഭക്ഷണം ലഭ്യമാക്കി. വിവിധ തരം വസ്ത്രങ്ങൾ നാടിന്റെ നാനാഭാഗങ്ങളിൽനിന്നു എത്തി. ഇനി വസ്ത്രങ്ങൾ ആരും അയയ്ക്കേണ്ടതില്ലെന്നു ജില്ലാ ഭരണകൂടം പറയേണ്ട സാഹചര്യം സംജാതമായി.
മൃതദേഹങ്ങൾ സംസ്കരിക്കാൻ സഹായിച്ചതും സന്നദ്ധ പ്രസ്ഥാനങ്ങളും പ്രവർത്തകരുമാണ്. എന്നിട്ടും ഓരോ ഇനത്തിലും സർക്കാർ കോടികളുടെ ചെലവ് കണക്കാക്കിയത് അദ്ഭുതപ്പെടുത്തുന്നതാണെന്നു പൗലോസ് പറഞ്ഞു.