ഉരുൾ ദുരന്തം: സർക്കാരിന്റേത് പണം തട്ടാനുള്ള ശ്രമമെന്ന് എൻ.ഡി. അപ്പച്ചൻ
1454085
Wednesday, September 18, 2024 5:26 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തത്തിൽ കള്ളക്കണക്ക് അവതരിപ്പിച്ച സംസ്ഥാന സർക്കാർ നടപടി അപലപനീയമാണെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ പറഞ്ഞു.
ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട സന്നദ്ധപ്രവർത്തകർ ഉൾപ്പടെയുള്ളവരുടെ പേരിൽ വ്യാജച്ചെലവ് കാണിച്ച് പണം തട്ടാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ദുരന്തത്തെ അതിജീവിച്ച് ക്യാന്പുകളിൽ എത്തിയവർക്കുള്ള ഭക്ഷ്യസാധനങ്ങൾ ഉൾപ്പടെ അവശ്യവസ്തുക്കൾ രാജ്യത്തിനകത്തും പുറത്തുംനിന്നു സംഭാവനായി ലഭിച്ചതാണ്.
വിവിധ സന്നദ്ധസംഘടനങ്ങൾ ക്യാന്പുകളിലേക്ക് വസ്ത്രങ്ങൾ നൽകുന്നതു തടഞ്ഞ സർക്കാർ 11 കോടി രൂപയാണ് വസ്ത്രങ്ങൾ വാങ്ങാൻ ചെലവ് കാണിച്ചത്. മരണപ്പെട്ടവരുടെ പേരിൽ കോടികൾ ചെലവ് കാണിക്കാൻ സർക്കാർ ശ്രമിച്ചു. മൃതദേഹങ്ങൾ മറവ് ചെയ്യുന്നതിന് 2.7 കോടി രൂപ ചെലവായതായാണ് സർക്കാർ പറയുന്നത്.
ദുരന്തമേഖലയിലെ എല്ലാവിധ പ്രവർത്തനങ്ങൾക്കും ആവശ്യമായ സഹായം വിവിധ മേഖലകളിൽനിന്നു സൗജന്യമായി ലഭിച്ചതാണ്. വിവിധ മേഖലകളിൽനിന്നുള്ള സന്നദ്ധപ്രവർത്തകരാണ് രക്ഷാപ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയത്. ഇവർ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ദുരന്തമേഖലയിൽ കൈമെയ് മറന്ന് പ്രവർത്തിച്ചത്.
എന്നാൽ, ഇതെല്ലാം സർക്കാരിന്റെ ചെലവാണെന്ന് കാണിച്ച് പണം തട്ടാനുള്ള ശ്രമമാണ് ഉണ്ടായത്. 1,555 വീടുകൾ പൂർണമായും 452 വീടുകൾ ഭാഗികമായും തകർന്നു എന്നാണ് സർക്കാർ കണക്കിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇത് തെറ്റായ കണക്കാണ്.
സർക്കാർ പ്രഖ്യാപിച്ച അടിയന്തര സഹായമായ 10,000 രൂപ പോലും മുഴുവൻ ദുരന്ത ബാധിതർക്കും നൽകാൻ സർക്കാരിന് കഴിഞ്ഞില്ല. ഉരുൾപൊട്ടൽ ദുരന്തത്തിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച കണക്കുകൾ അക്ഷരാർഥത്തിൽ ഞെട്ടിക്കുന്നതാണ്. സംശയം തോന്നിപ്പിക്കുന്ന കണക്കുകൾ സർക്കാർ വിശദീകരിക്കണം. യഥാർഥ കണക്ക് എത്രയും വേഗം പുറത്തുവിടണമെന്നും അപ്പച്ചൻ ആവശ്യപ്പെട്ടു.