റോഡിലെ കുഴികൾ നികത്താത്തതിൽ പ്രതിഷേധം
1454084
Wednesday, September 18, 2024 5:26 AM IST
പുൽപ്പള്ളി: പെരിക്കല്ലൂർ റോഡിലെ കുഴികൾ നികത്താത്തതിൽ ജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. റോഡിൽ വടാനക്കവല മുതൽ പെരിക്കല്ലൂർ വരെ ഭാഗങ്ങളിൽ പലേടത്തും വൻ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. മുള്ളൻകൊല്ലി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപവും ചാച്ചിക്കവല, മാടൽ, പെരിക്കല്ലൂർ ടൗണ്‍ എന്നിവിടങ്ങളിലും കുഴികളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നത് അപകടങ്ങൾക്കും കാരണമാകുകയാണ്.
ഇരുചക്രവാഹനങ്ങളാണ് കുഴികളിൽച്ചാടി അപകടത്തിൽപ്പെടുന്നതിൽ അധികവും. റോഡ് നന്നാക്കണമെന്ന് നാട്ടുകാർ പലവട്ടം ആവശ്യപ്പെട്ടിട്ടും പൊതുമരാമത്ത് അധികാരികൾക്കു കൂസലില്ല. റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് ഇനിയും നടപടി ഉണ്ടാകുന്നില്ലെങ്കിൽ സമരം സംഘടിപ്പിക്കാനാണ് പെരിക്കല്ലൂരിലും സമീപങ്ങളിലുമുള്ളവരുടെ തീരുമാനം.