സമന്വയം: തൊഴിൽ രജിസ്ട്രേഷൻ ക്യാന്പ് സംസ്ഥാനതല ഉദ്ഘാടനം നാളെ
1454082
Wednesday, September 18, 2024 5:25 AM IST
കൽപ്പറ്റ: സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കോണമി മിഷനും ചേർന്നു നടത്തുന്ന "ന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 10ന് പുളിയാർമല കൃഷ്ണഗൗഡർ ഹാളിൽ ന്യൂനപക്ഷ ക്ഷേമ മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും.
ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ.എ.എ. റഷീദ് അധ്യക്ഷത വഹിക്കും. പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു മുഖ്യാതിഥിയാവും. എംഎൽഎമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ, മുൻ എം.പി എം.വി. ശ്രേയാംസ്കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങളായ പി. റോസ, എ. സൈഫുദ്ദീൻ ഹാജി, ന്യൂനപക്ഷ ക്ഷേമ ഡയറക്ടർ ഡോ.അദീല അബ്ദുള്ള,
ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, എഡിഎം കെ. ദേവകി, നഗരസഭാ ചെയർമാൻ ടി.ജെ. ഐസക്, കൗണ്സിലർ എം. പുഷ്പ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ബാലസുബ്രഹ്മണ്യൻ, കേരളാ നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ.പി.എസ്. ശ്രീകല, ജില്ലാ കോ ഓർഡിനേറ്റർ യൂസഫ് ചെന്പൻ തുടങ്ങിയവർ പങ്കെടുക്കും.
കേരളാ നോളജ് ഇക്കോണമി മിഷൻ റീജിയണൽ പ്രോജക്ട് മാനേജർ ഡയാന തങ്കച്ചൻ പദ്ധതി അവതരണം നടത്തും. ന്യൂനപക്ഷ വിഭാഗങ്ങളിലെ 18നും 50നും ഇടയിൽ വയസുള്ള അഭ്യസ്തവിദ്യർക്ക് സർക്കാരിതര മേഖലകളിലും തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാന്പ് നടത്തുന്നത്. പ്ലസ്ടു കഴിഞ്ഞ ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവർക്ക് രജിസ്ട്രേഷൻ നടത്താം. രാവിലെ 8.30ന് രജിസ്ട്രേഷൻ തുടങ്ങും.
വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം എത്തി രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് യോഗ്യതയ്ക്കനുസരിച്ച് ജോലി ലഭിക്കുന്നതിനു അവസരമൊരുക്കും. ജില്ലാ, സംസ്ഥാനതലം, സംസ്ഥാനത്തിന് പുറത്ത് എന്നിങ്ങനെയുള്ള മേഖലകൾ തരംതിരിച്ചാണ് സ്വകാര്യ തൊഴിൽ ദാതാക്കളുമായി കൈകോർത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക. മുസ്ലിം, ക്രിസ്ത്യൻ, ജൈന, ബുദ്ധ, പാഴ്സി, സിഖ് വിഭാഗങ്ങളിൽപെട്ടവർക്ക് രജിസ്ട്രേഷൻ നടത്താം.