സംസ്കരിക്കാൻ സ്ഥലമില്ലാതെ ഇടമല ഉന്നതിയിലെ എഴുപതോളം കുടുംബങ്ങൾ
1453271
Saturday, September 14, 2024 5:27 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ ഇടമല മിച്ചഭൂമി ഉന്നതിയിലെ വീടുകൾക്ക് ചുറ്റും മൃതദേഹങ്ങൾ അടക്കം ചെയ്ത കുഴിമാടങ്ങളാണ്. ഉന്നതിയിലെ ആരെങ്കിലും മരിച്ചാൽ മൃതദേഹം സംസ്കരിക്കാൻ ശ്മശാനമില്ല. ഇതിനാൽ മൃതദേഹങ്ങൾ വീട്ടുമുറ്റങ്ങളിലാണ് അടക്കം ചെയ്യുന്നത്. കോളനിയിലെ ഭൂരിപക്ഷം വീടുകളുടേയും മുറ്റങ്ങൾ കുഴിമാടങ്ങളാൽ നിറഞ്ഞുകഴിഞ്ഞു. അടുത്തടുത്ത് വീടുകളാണ്.
അതിനിടയിലാണ് കുഴിമാടങ്ങൾ. പാറക്കെട്ടുകൾ നിറഞ്ഞ ഭൂമിയായതിനാൽ അധികം താഴ്ചയിൽ കുഴിയെടുക്കാനുമാവില്ല. ഇനിയാരെങ്കിലും മരിച്ചാൽ സംസ്കരിക്കുന്നതിനുള്ള കുഴിയെടുക്കാൻ വീട് പൊളിക്കേണ്ട സ്ഥിതിയിലാണ്. ജീവിച്ചിരുന്നപ്പോൾ പ്രിയപ്പെട്ടവരായിരുന്നവരുടെ കുഴിമാടങ്ങൾ നിത്യവും കാണേണ്ടിവരുന്നത് കോളനിവാസികൾക്ക് വലിയ മാനസിക പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
അതിനാൽ ഏങ്ങനെയെങ്കിലും ഇവിടെനിന്ന് ഒഴിഞ്ഞുപോയാൽ മതിയെന്ന നിലപാടിലാണ് കോളനിക്കാർ. മുള്ളൻകൊല്ലി പഞ്ചായത്തിലെ 14ാം വാർഡിൽ ഉൾപ്പെട്ട ഈ ഉന്നതിയിൽ കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളാണ് താമസിക്കുന്നത്.
മുന്പ് കളക്ടറടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ഉന്നതിയിലെത്തിയപ്പോൾ തങ്ങളെ പുനരധിവസിപ്പിക്കാമെന്ന് ഉറപ്പ് നൽകിയതാണെന്നും ഇപ്പോൾ അധികാരികളാരും തിരിഞ്ഞ് നോക്കുന്നില്ലെന്നും കോളനിവാസികൾ പരാതിപ്പെട്ടു. തങ്ങളെ പുനരധിവസിപ്പിക്കണമെന്ന ആവശ്യവുമായി കോളനിവാസികൾ മന്ത്രിമാർക്കടക്കം നിവേദനം നൽകിയിട്ടും പരിഹാരമില്ലെന്നാണ് കുടുംബങ്ങൾ പറയുന്നത്.