ടൂറിസം കേന്ദ്രങ്ങളിലേക്ക് വിദേശികൾ എത്തി തുടങ്ങി
1451374
Saturday, September 7, 2024 5:29 AM IST
സുൽത്താൻ ബത്തേരി: ഓണം അടുത്തതോടെ ടൂറിസം കേന്ദ്രങ്ങൾ സജീവമായി. മുണ്ടക്കൈ ഉരുൾ പൊട്ടലിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതോടെ ടൂറിസം കേന്ദ്രങ്ങൾ വീണ്ടും സജീവമായി. ഇതോടെ വയനാട്ടിലേക്ക് വിദേശ ടൂറിസ്റ്റുകളും വന്നുതുടങ്ങി. ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായി ജർമനിയിൽ നിന്ന് ജില്ലയിലെത്തിയ നാലംഗസംഘം എടക്കൽ ഗുഹയും റിപ്പണ്‍ ടീ ഫാക്ടറിയും സന്ദർശിച്ചു.
വരുന്നയാഴ്ച കൂടുതൽ വിദേശികളുടെ സംഘം ജില്ലയിലെത്തുമെന്ന് ടൂറിസം ഗൈഡുകളും പറയുന്നു. ചെറിയൊരു ഇടവേളയ്ക്കുശേഷം വയനാടൻ ടൂറിസം വീണ്ടും ലോകശ്രദ്ധയിലേക്ക് ഉയരുകയാണ്.
കഴിഞ്ഞ ദിവസം വയനാട്ടിലെത്തിയ അയർലന്റ്, യുകെ, ജർമൻ സ്വദേശികൾ എടൽഗുഹ, റിപ്പണ്‍ ടീ ഫാക്ടറി എന്നിവിടങ്ങൾ സന്ദർശിച്ചു. സാബു ഏബ്രഹാമാണ് വിദേശികൾക്ക് വഴികാട്ടിയത്. വരും ദിവസങ്ങളിൽ കൂടുതൽ രാജ്യങ്ങളിൽ നിന്നുളള സന്ദർശകർ വയനാട്ടിലേക്ക് വരുന്നതിന് ബുക്കുചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.