വീടിനുമുകളിലേക്ക് കാട്ടാന കമുക് മറിച്ചിട്ടു
1451369
Saturday, September 7, 2024 5:23 AM IST
സുൽത്താൻ ബത്തേരി: വീടിനുമുകളിലേക്ക് കാട്ടാന കമുക് മറിച്ചിട്ടു. വടക്കനാട് പള്ളിവയൽ വെള്ളക്കെട്ട് രവീന്ദ്രന്റെ വീടിനു മുകളിലേക്കാണ് കമുക് മറിച്ചിട്ട് നാശനഷ്ടം വരുത്തിയത്. ഇന്നലെ പുലർച്ചെ ഒന്നോടെയാണ് കാട്ടാനയുടെ പരാക്രമം.
ശബ്ദം കേട്ട് ഉറക്കമുണർന്ന് അടുക്കള ഭാഗത്തേക്ക് എത്തിയ രവീന്ദ്രന്റെ തോളിൽ തകർന്ന മേൽക്കൂരയിലെ ഓടുവീണ് പരിക്കേൽക്കുകയും ചെയ്തു. ബന്ധുക്കളും സമീപവാസികളും എത്തി ബഹളംവച്ചാണ് കാട്ടാനയെ തുരത്തിയത്. ഇതിനിടെ കൃഷിയിടത്തിലെ കുരുമുളകും കമുകുകളും കാട്ടാന നശിപ്പിച്ചു.
വർഷങ്ങൾക്ക് മുന്പ് മരത്തിൽ നിന്ന് വീണ് ഗുരുതരപരിക്കേറ്റ ആളുകൂടിയാണ് രവീന്ദ്രൻ. ഇദ്ദേഹത്തിന്റെ അമ്മ പാറു കിടപ്പ് രോഗിയാണ്. പറന്പിലെ വരുമാന മാർഗങ്ങളും കാട്ടാനകളുടെ നിരന്തര ശല്യംകാരണം ഇല്ലാതായി.
വീടിനു കേടുപാടു പറ്റിയതോടെ ഇനി എന്തു ചെയ്യുമെന്ന അറിയാത്ത അവസ്ഥയിലാണ് ഈ നിർധനകുടുംബം. ഈ സാഹചര്യത്തിൽ വീടിന്റെ കേടുപാടുകൾ പരിഹരിക്കാൻ വനം വകുപ്പ് തയാറാകണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.