കാണാമറയത്തെ മനുഷ്യർ; അന്വേഷണ വഴിയായി കരട് പട്ടിക
1443951
Sunday, August 11, 2024 6:11 AM IST
കൽപ്പറ്റ: ഒരു പ്രദേശമാകെ ഉരുളെടുത്ത ദുരന്തത്തിൽ കാണാതായ മനുഷ്യരെക്കുറിച്ചുള്ള അന്വേഷണത്തിൽ വഴികാട്ടിയായി കരട് പട്ടിക. കാണാതായവർ ആരൊക്കെയെന്ന് മനസിലാക്കുക രക്ഷാദൗത്യത്തിലെ വെല്ലുവിളികളിലൊന്നായിരുന്നു.
വിവിധ ഏജൻസികളെ ഏകോപിപ്പിച്ച് ശാസ്ത്രീയ മാർഗങ്ങളിലൂടെ നടത്തിയ കഠിന പരിശ്രമത്തിനൊടുവിലാണ് പട്ടിക തയാറായത്. പഞ്ചായത്തും സ്കൂൾ അധികൃതരും തൊഴിൽ, ആരോഗ്യം, പോലീസ് വകുപ്പ് ഉദ്യോഗസ്ഥരും അങ്കണവാടി പ്രവർത്തകരും ആശാവർക്കർമാരും ജനപ്രതിനിധികളും പട്ടിക തയാറാക്കുന്നതിൽ കൈ കോർത്തു. മേപ്പാടി പഞ്ചായത്തിലെ 10,11,12 വാർഡുകളിലെ റേഷൻ കാർഡ് വിവരങ്ങൾ ആദ്യം ശേഖരിച്ചു.
വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, മുണ്ടക്കൈ ജിഎൽപി സ്കൂൾ എന്നിവിടങ്ങളിൽനിന്നും ഐസിഡിഎസിൽനിന്നും കുട്ടികളുടെ വിവരങ്ങൾ ലഭ്യമാക്കി. ലേബർ ഓഫീസിൽനിന്ന് അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ രേഖ ശേഖരിച്ചു. ഇതെല്ലാം അടിസ്ഥാന രേഖയായി എടുത്തു. അടിസ്ഥാന പട്ടികയിൽ 206 പേരാണ് ഉണ്ടായിരുന്നത്.
ഇതിനുശേഷം ബ്ലോക്ക് ലെവൽ ഓഫീസർമാർ, ആശ വർക്കർമാർ, അങ്കണവാടി പ്രവർത്തകർ, ജനപ്രതിനിധികൾ, മുൻ ജനപ്രതിനിധികൾ, സ്കൂൾ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി അസി. കളക്ടർ എസ്. ഗൗതം രാജിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഒരു ദിവസം മുഴുവൻ പഞ്ചായത്ത് ഓഫീസിൽ ഈ സംഘം മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് ഓരോ രേഖയും പരിശോധിച്ചു.
കാണാതായവരുടെ പട്ടിക പഞ്ചായത്ത്, സ്കൂൾ, ലേബർ ഓഫീസ് എന്നിവിടങ്ങളിൽനിന്നു ശേഖരിച്ചു. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ കോൾ സെന്ററിൽ ലഭ്യമായ വിവരങ്ങളും ഇതോടൊപ്പം ചേർത്തു. അടിസ്ഥാന പട്ടികയിൽനിന്ന് ക്യാന്പിലേക്ക് മാറിയവരുടെ വിവരങ്ങൾ ഒഴിവാക്കി. ആരോഗ്യ വകുപ്പിൽ നിന്നും പോലീസിൽനിന്നും മരണമടഞ്ഞവരുടെ വിവരങ്ങൾ ശേഖരിച്ച് അവരെയും പട്ടികയിൽ നിന്ന് നീക്കി. ബന്ധുവീടുകളിലും മറ്റും ഉള്ളവരുടെ വിവരം ജനപ്രതിനിധികളും മുൻ ജനപ്രതിനിധികളും ആശ വർക്കർമാരും നൽകി.
ഇതെല്ലാം ഒഴിവാക്കിയപ്പോഴാണ് കാണാതായവരുടെ ആദ്യ കരട് പട്ടിക തയാറായത്. പട്ടിക തയാറാക്കൽ, പേരുകൾ കൂട്ടിച്ചേർക്കൽ, ഒഴിവാക്കൽ എന്നീ ജോലികൾ ഇക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്, നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ, ഐടി മിഷൻ എന്നിവ ഏറ്റെടുത്തു.
ഗൂഗിൾ സ്പ്രെഡ് ഷീറ്റ് വഴി ദിവസേന അപ്ഡേറ്റ് ചെയ്തു. കാണാതായ 138 പേരുടെ കരട് പട്ടികയാണ് ആദ്യം പുറത്തിറക്കിയത്. ശുദ്ധീകരണത്തിന് ശേഷം 133 പേരുടെ പട്ടികയായി. നിലവിൽ 130 പേരാണ് പട്ടികയിൽ ഉൾപ്പെട്ടത്. 95 ശതമാനം കൃത്യത അവകാശപ്പെടാവുന്ന പട്ടികയാണ് നിലവിൽ പുറത്തിറക്കിയത്.
പൊതുജനങ്ങളിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും മൃതദേഹങ്ങൾ തിരിച്ചറിയുന്ന മുറയ്ക്കും കരട് പട്ടികയിൽ കൂട്ടിച്ചേർക്കലും കുറയ്ക്കലും നടക്കുന്നുണ്ട്. ഡിഎൻഎ സാംപിൾ പരിശോധനാ ഫലം വരുന്പോൾ മരിച്ചതായി സ്ഥിരീകരിക്കുന്ന കേസുകളും പട്ടിയിൽനിന്ന് ഒഴിവാക്കും. അവരെ മരിച്ചവരുടെ പട്ടികയിലേക്ക് മാറ്റും.
റേഷൻകാർഡ് നന്പർ, വിലാസം, ബന്ധുക്കളുടെ പേര്, വിലാസക്കാരനുമായുള്ള ബന്ധം, ഫോണ് നന്പർ, ചിത്രം എന്നിവയടങ്ങിയതാണ് കരട് ലിസ്റ്റ്. പൊതുജനങ്ങൾക്ക് കരട് പട്ടിക പരിശോധിച്ച് വിവരങ്ങൾ ജില്ലാ ഭരണകൂടത്തെ അറിയിക്കാം. നിരന്തരമുള്ള നിരീക്ഷണത്തിലൂടെ പട്ടിക ശുദ്ധീകരിച്ചായിരിക്കും കാണാതായവരുടെ അന്തിമ പട്ടിക പുറത്തിറക്കുക.
ജില്ലാ ഭരണകൂടത്തിന്റെ tthsp://wayanad.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റിലും ജില്ലാ കളക്ടർ ഉൾപ്പടെ ഉദ്യോഗസ്ഥരുടെ സമൂഹിക മാധ്യമ അക്കൗണ്ടുകളിലും പൊതുഇടങ്ങളിലും മാധ്യമങ്ങളിലും കരട് പട്ടിക ലഭ്യമാകും. മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ കാണാതായവരെ സംബന്ധിച്ച് പട്ടിക പരിഷ്കരിക്കുന്നതിനു പൊതുജനങ്ങൾക്ക് 8078409770 എന്ന ഫോണ് നന്പറിൽ ബന്ധപ്പെടാം.