പ്രധാനമന്ത്രി പ്രത്യേക സാന്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷ: വി.ഡി. സതീശൻ
1443622
Saturday, August 10, 2024 4:34 AM IST
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തം വിതച്ച മുണ്ടക്കൈയും ചൂരൽമലയും സന്ദർശിക്കുന്ന പ്രധാനമന്ത്രി വയനാടിന് പ്രത്യേക സാന്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുണ്ടക്കൈയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുഞ്ചിരിമട്ടം ഉരുൾപൊട്ടലിനെ നിയമപരമായി ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ല. എൽ 3 മുതൽ എൽ 4 വരെയുള്ള ദുരന്തമാണ് സംഭവിച്ചത്. എൽ 4 അനുസരിച്ചുള്ള പ്രത്യേക സാന്പത്തിക പാക്കേജ് കേന്ദ്ര സർക്കാർ പ്രഖ്യാപിക്കണം. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ അതുണ്ടാകുമെന്നാണ് കരുതുന്നത്. ദുരന്തത്തിന്റെ ആഴം മനസിലാക്കി മറ്റു സംസ്ഥാനങ്ങളിൽ ചെയ്യുന്നതുപോലുള്ള സഹായമാണ് ജില്ലയുടെ കാര്യത്തിൽ വേണ്ടത്.
പുനരധിവാസത്തിൽ കോണ്‍ഗ്രസും യുഡിഎഫും സർക്കാരിനൊപ്പം നിൽക്കും. വീടുകൾ നഷ്ടമായവർക്ക് ടൗണ്‍ഷിപ്പ് ഉണ്ടാക്കി കമ്മ്യൂണിറ്റി ലിവിംഗ് സാധ്യമാക്കണം. പുനരധിവാസത്തിന്റെ മൂന്നാം ഘട്ടത്തിൽ ഫാമിലി പാക്കേജ് നടപ്പാക്കണമെന്നാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം. പാർട്ടി നിർമിക്കുന്ന നൂറു വീടുകൾ കമ്മ്യൂണിറ്റി ലിവിംഗ് സാധ്യമാക്കുന്ന നിലയിലാണ് ഉദ്ദേശിക്കുന്നത്. നിർദേശം സർക്കാരിനുമുന്നിൽ വച്ചിട്ടുണ്ട്. ഓരോ വീടിനും എട്ട് ലക്ഷം രൂപയാണ് നീക്കിവച്ചിരിക്കുന്നത്. സർക്കാർ സഹായം കിട്ടാത്തവരെ കോണ്‍ഗ്രസ് സഹായിക്കും.
കാലാവസ്ഥാമാറ്റം കണക്കിലെടുത്തുള്ള നയരൂപീകരണം വികസനത്തിലുൾപ്പെടെ ഉണ്ടാകണം. പെട്ടിമലയും കവളപ്പാറയും പുത്തുമലയും പുഞ്ചിരിമട്ടവും പോലുള്ള ദുരന്തങ്ങൾ കേരളത്തിൽ ആവർത്തിക്കരുത്. മുന്നറിയിപ്പ് സംവിധാനം വികസിപ്പിക്കണം. മലയിടിച്ചിലും ഉരുൾപൊട്ടലും മാത്രമല്ല, ചക്രവാതച്ചുഴിയും മേഘവിസ്ഫോടനവും കള്ളക്കടലും അതിതീവ്രമഴയും കേരളത്തിൽ ഉണ്ടാകുമെന്നത് സംബന്ധിച്ച ഐപിസിസി റിപ്പോർട്ട് 2021ൽ പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയമായി അവതരിപ്പിച്ചതാണ്.
ഐപിസിസി റിപ്പോർട്ട് ചർച്ച ചെയ്ത ഏക നിയമനിർമാണ സഭയാണ് കേരളത്തിലേത്. കാലാവസ്ഥാമാറ്റം കാണാതെ പോകരുത്. കാലാവസ്ഥാമാറ്റം പരിഗണിച്ചുമാത്രമേ വികസന പദ്ധതികൾ നടപ്പാക്കാവൂ.
ഉരുൾപൊട്ടൽ ഇരകളുടെ കൃത്യമായ കണക്ക് ഇതുവരെയായില്ല. കാണാതായവരുടെ എണ്ണത്തിൽ പഞ്ചായത്തിന്റെയും സർക്കാരിന്റെയും കണക്കിൽ വ്യത്യാസമുണ്ട്.
ഇതര സംസ്ഥാനക്കാരുടെയും ലയങ്ങളിൽ വാടകയ്ക്ക് താമസിച്ചവരുടെയവരുടെയം പൂർണ വിവരം ലഭ്യമല്ല. ദുരന്തബാധിതരിൽ വീട് നഷ്ടമായവരും സ്ഥലം അപ്പാടെ ഇല്ലാതായവരും ഉണ്ട്. ദുരന്തബാധിതരെ ദുരിതാശ്വാസ ക്യാന്പുകളിൽനിന്നു ഏവിടേക്ക് മാറ്റുമെന്നതിൽ വ്യക്തതയായില്ല. മറ്റിടങ്ങളിലേതുപോലെ വാടകവീടുകൾ ലഭിക്കാത്ത പ്രദേശമാണ് വയനാട്. ഈ സാഹചര്യത്തിൽ ഒരു മുറിയും ടോയ് ലറ്റും അടുക്കളയുമുള്ള താത്കാലിക ഷെൽറ്ററിനെക്കുറിച്ച് ആലോചിക്കണം.
പശ്ചിമഘട്ടം അപകടത്തിലാണെന്ന ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ ചിലർ മറ്റൊരു തരത്തിലേക്ക് മാറ്റുകയായാണുണ്ടായത്. പാവങ്ങളായ കൃഷിക്കാരെയും കൈയേറ്റക്കാരാക്കി. കൈയേറ്റവും കുടിയേറ്റവും രണ്ടാണ്. സർക്കാരിന്റെ അനുമതിയോടെയാണ് കർഷകർ കുടിയേറ്റം നടത്തിയതെന്നും വി.ഡി. സതീശൻ പറഞ്ഞു.